ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരായ ദേശീയതല പ്രതിപക്ഷസഖ്യത്തിൽ നിന്നും ഒരു പാർട്ടി കൂടി പുറത്തേക്ക്. ജെ.ഡി.എസാണ് പ്രതിപക്ഷസഖ്യത്തിൽ താൽപര്യമില്ലെന്ന് പ്രഖ്യാപിച്ചത്. പാർട്ടി പരമോന്നത നേതാവും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയാണ് സഖ്യനീക്കത്തോട് അതൃപ്തി പ്രകടിപ്പിച്ചത്.ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ദേശീയസഖ്യത്തിന് ശ്രമം നടക്കുന്നതിനിടയിലാണ് ദേവഗൗഡയുടെ ഈ പ്രഖ്യാപനം.
രാജ്യത്തെ ഏത് പാർട്ടിക്കാണ് ബി.ജെ.പിയുമായി ഏതെങ്കിലും തരത്തിൽ ബന്ധമില്ലാത്തതെന്ന് അദ്ദേഹം ചോദിച്ചു. ആരാണ് വർഗീയ പാർട്ടിയെന്നും അല്ലാത്തതെന്നും തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രീയത്തെപ്പറ്റി വിശദമായി അറിയുന്നയാളാണ് താൻ. എല്ലാ പാർട്ടികൾക്കും നേരിട്ടോ അല്ലാതെയോ ബി.ജെ.പിയുമായി ബന്ധമുണ്ട്. ചിലതിന് നേരത്തേ ബന്ധമുണ്ട്. ചിലർക്ക് ഇപ്പോഴും ബന്ധമുണ്ട്. അതിനാൽതന്നെ പ്രതിപക്ഷ സഖ്യം രൂപവത്കരിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ശുഭാപ്തിവിശ്വാസക്കാരനല്ല താനെന്നും ദേവഗൗഡ പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വ്യത്യസ്തമായ കാര്യങ്ങളാണുള്ളത്. ജെ.ഡി.എസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മറ്റൊന്നിലും ഇപ്പോൾ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.