പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു.മാനദണ്ഡങ്ങള്‍ക്കു വിധേയമായി 2500 രൂപ വരെയോ അല്ലെങ്കില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനമോ ലഭിക്കും. ‘മാലിന്യമുക്തം നവകേരളം’ ക്യാമ്ബയിന്റെ ഭാഗമായാണ് പാരിതോഷികം.
പൊതു ഇടങ്ങള്‍, സ്വകാര്യ സ്ഥലങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ അതത് തദ്ദേശസ്ഥാപനത്തില്‍ അറിയിക്കാം. മാലിന്യം തള്ളിയ സ്ഥലം, സമയം, ഫോട്ടോ അല്ലെങ്കില്‍ വീഡിയോ ക്ലിപ്പ് എന്നിവയുള്‍പ്പെടെയുള്ള തെളിവുകളാണ് നല്‍കേണ്ടത്. ഇതിനായി വാട്സാപ് നമ്ബറും ഇ-–- മെയില്‍ ഐഡിയും പൊതുജനങ്ങള്‍ക്ക് ഉടൻ ലഭ്യമാക്കും.
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെയോ അവരുടെ വാഹനങ്ങളെയോ തിരിച്ചറിയാൻ സഹായിക്കുന്ന തെളിവുകളുമായി അതത് തദ്ദേശ സ്ഥാപന സെക്രട്ടറിയെ സമീപിക്കണം. പരാതി കിട്ടിയാല്‍ ഏഴ് ദിവസത്തിനകം നടപടി സ്വീകരിക്കണം. നിയമലംഘനം അറിയിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കുറ്റകൃത്യത്തെക്കുറിച്ച് വിവരങ്ങള്‍ നല്കുന്ന വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 30 ദിവസത്തിനകം പാരിതോഷിക തുകയെത്തും.
പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കേണ്ട വാട്സാപ് നമ്ബറും ഇ–-മെയില്‍ വിലാസവും തദ്ദേശസ്ഥാപനങ്ങള്‍ ഉടൻ പ്രസിദ്ധീകരിക്കണം. അതത് തദ്ദേശസ്ഥാപന പരിധിയിലെ വാട്സാപ് നമ്ബറിലേക്ക് വിവരങ്ങള്‍ കൈമാറാം.
കടപ്പാട്: ദേശാഭിമാനി