കുടുംബ കലഹ മൂലം ഒന്നര വയസ്സുള്ള മകളുമായി യുവാവ് ട്രെയിനിനു മുന്നിൽ ചാടി. ആലപ്പുഴ മാളികമുക്കിന് വടക്ക് ലെറ്റർലാൻഡ് സ്‌കൂളിന് സമീപം രാത്രി 7.40 നോടെ ആയിരുന്നു സംഭവം. സംഭവത്തിൽ ഇരുവരും മരിച്ചു. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടിൽ ഔസേപ്പ് ദേവസ്യ (അനീഷ് -37), മകൾ ഏദ്‌ന എന്നിവരാണ് മരിച്ചത്.
മാളികമുക്ക് കാഞ്ഞിരംചിറയിലുള്ള സ്നേഹയുടെ വീട്ടിൽ വന്നതാണ് അനീഷ്. പിന്നീട് അനീഷും ഭാര്യയുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ക്ഷുഭിതനായ അനീഷ് കുഞ്ഞിനെയും കൊണ്ട് എറണാകുളം-കായംകുളം പാസഞ്ചർ ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു.
അനീഷ് തൽക്ഷണം മരിച്ചു. തെറിച്ചു വീണ കുഞ്ഞിനെ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേറ്ററിങ് നടത്തുന്ന അനീഷ് കുറെക്കാലം ഗൾഫിൽ ജോലി ചെയ്തു. സ്വകാര്യ ബാങ്കിൽ ജീവനക്കാരിയായ സ്നേഹയുമായി പ്രണയ വിവാഹമായിരുന്നു. മൂത്ത മകൻ: ഏദൻ. മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിൽ. നോർത്ത് പൊലീസ് സ്‌ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
A young man jumped in front of a train with his one-and-a-half-year-old daughter in Alappuzha