കാസറഗോഡ്: കാൻസർ പെരുകുന്നതിൽ കേരളം വികസിത രാജ്യങ്ങളെ പോലെയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുന്ന കാൻസറും സ്തനാർബുദം ആണ്. പക്ഷേ, രോഗം നേരത്തേ കണ്ടെത്തുന്നതിൽ അവികസിത രാജ്യത്തിന്റെ നിലയിലാണ് കേരളം.ഭൂരിഭാഗം സ്തനാർബുദവും നിർണയിക്കപ്പെടുന്നത് രണ്ടും മൂന്നും സ്റ്റേജിൽ എത്തിയതിന് ശേഷമാണ്.അതുകൊണ്ടു തന്നെ ചികിത്സയും വൈകുന്നു, കാര്യങ്ങൾ കൂടുതൽ വഷളാവുകയും ചെയ്യുന്നു. ഫലവും കുറയുന്നു. ചെലവ് കൂടുന്നു.
മറ്റു വികസിത രാജ്യങ്ങളിൽ സ്തനാർബുദംപൂർണമായും ഭേദമാക്കുന്ന നിരക്ക് 90 ശതമാനത്തിന് മുകളിലെത്തി. രോഗനിർണയം വൈകുന്നതിനാൽ നമ്മൾ കാൻസറിനെ തോൽപിക്കുന്നതിൽ വളരെ പിറകിലാണ്. രണ്ടുപതിറ്റാണ്ടിനിടെ സ്തനാർബുദ മരണനിരക്ക് 45 ശതമാനം കുറയ്ക്കാൻ വികസിത രാജ്യങ്ങൾക്കായി എന്നതും വലിയ നേട്ടമാണ്.
.കേരളത്തിൽ ഇപ്പോഴും ജനസംഖ്യാധിഷ്ഠിത കാൻസർ രജിസ്ട്രി ഇല്ല. കാൻസറിനെതിരേ പോരാടാൻ രജിസ്ട്രി വളരെ അത്യാവശ്യമാണ്. എങ്കിലേ കൃത്യമായ കണക്കുകൾ ലഭ്യമാകൂ. മൂന്ന് കാൻസർ സെന്ററുകളിലെയും മെഡിക്കൽ കോളേജിലെയും കണക്കുകൾവെച്ച് സാമാന്യവത്കരിക്കുകയാണിപ്പോൾ. ഈ രീതി ശരിയല്ല. 66 ശതമാനമാളുകളും സംസ്ഥാനത്ത് സ്വകാര്യ ചികിത്സയാണ് തേടുന്നത് എന്നതും വളരെ പരിതാപകമായ കാര്യമാണ്.
സ്തനത്തിൽ തടിപ്പോ മറ്റുലക്ഷണങ്ങളോ ഉണ്ടെങ്കിൽ അത് കാൻസറാണെന്ന് 60 ദിവസത്തിനകം സംശയരഹിതമായി നിർണയിച്ചിരിക്കണം. യാതൊരു തടസ്സവും ഇല്ലാതെ അടുത്ത 60 ദിവസത്തിനുള്ളിൽ ചികിത്സ ലഭ്യമാക്കിയിരിക്കണം. മെഡിക്കൽ, സർജിക്കൽ, റേഡിയേഷൻ ഓങ്കോളജിസ്റ്റുകളെല്ലാം ഉൾപ്പെടുന്ന സംഘം സംയുക്ത തീരുമാനമെടുത്ത് വേണം ചികിത്സിക്കാൻ. ഇതിൽ 80 ശതമാനം രോഗികൾക്കെങ്കിലും നിശ്ചയിച്ച ചികിത്സ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.- ഡബ്ല്യു.എച്ച്.ഒ.യുടെ ഗ്ലോബൽ ബ്രസ്റ്റ് കാൻസർ ഇനീഷ്യേറ്റീവ് പദ്ധതിയുടെ അടിസ്ഥാന സമീപനത്തെക്കുറിച്ച് ഉപദേശകസമിതി അംഗവും യു.എസിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കൽ ഓങ്കോളജി പ്രൊഫസറുമായ ഡോ. എം.വി.പിള്ള സൂചിപ്പിക്കുന്നു.
സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ ;
സ്തനാർബുദ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് ആദ്യം മനസ്സിലാക്കണം. ഈ രോഗത്തെ ഫലപ്രദമായി നേരിടണമെങ്കിൽ പ്രാരംഭാവസ്ഥയിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിയണം. ആരംഭത്തിൽ തന്നെ രോഗനിർണ്ണയം നടത്തിയാൽ സ്തനാർബുദം പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാം. ആദ്യം ചെയ്യേണ്ടത് സ്തനങ്ങളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിക്കുക എന്നതാണ്.
സ്തനാർബുദത്തിന്റെ പ്രധാന രോഗലക്ഷണങ്ങൾ ശ്രദ്ധിക്കൂ…
☛ വേദനയുള്ളതോ വേദനയില്ലാത്തതോ ആയ വിവിധ വലിപ്പത്തിലുള്ള മുഴകൾ, സ്ഥാനത്തിലെ കല്ലിപ്പ് തുടങ്ങിയവ
☛ സ്തനത്തിന്റെ ആകൃതിയിൽ വരുന്ന മാറ്റം
☛ ആർത്തവം കരണമല്ലാതെയുള്ള സ്തനങ്ങൾക്കുണ്ടാകുന്ന വേദന
☛ സ്തനങ്ങളുടെ നിറവ്യത്യാസം, വ്രണങ്ങൾ, പാടുകൾ
☛ മുലഞെട്ട് അകത്തേയ്ക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ
☛ കക്ഷത്തിലും കഴുത്തിലും ഉണ്ടാകുന്ന മുഴകൾ, വീക്കം എന്നിവ
☛ രക്തമയമുള്ളതോ അല്ലാത്തതോ ആയ സ്രവങ്ങൾ സ്തനങ്ങളിൽ നിന്ന് വരിക