കൊല്ലം സുധി ഇനി നൊമ്പരപ്പെടുത്തുന്ന ചിരിയോർമ; കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

കൊല്ലം സുധി ഇനി നൊമ്പരപ്പെടുത്തുന്ന ചിരിയോർമ; കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

കോട്ടയംഅരങ്ങിൽ ചിരിയുടെ നർമനിമിഷങ്ങൾ സമ്മാനിച്ച കലാകാരനു കണ്ണീരോടെ വിടനൽകി കലാകേരളം. വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ കൊല്ലം സുധിയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയായി. കോട്ടയം തോട്ടയ്ക്കാട് റിഫോംഡ് ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ ആയിരക്കണക്കിന് ആളുകൾ സുധിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

കൊല്ലം സ്വദേശിയാണെങ്കിലും കോട്ടയം വാകത്താനം പൊങ്ങന്താനത്താണ് സുധി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. സുധിയുടെ ഭാര്യ രേഷ്മയുടെ സ്വദേശമാണ് കോട്ടയം. ഇന്നു രാവിലെയാണ് സുധിയുടെ മൃതദേഹം പൊങ്ങന്താനം പന്തിരുപറ കോളനിയിലെ വീട്ടിലെത്തിച്ചത്. പിന്നീട് പൊങ്ങന്താനം എംഡി യുപി സ്കൂളിലും തുടർന്ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു വച്ചു.

അകാലത്തിൽ പൊലിഞ്ഞ പ്രിയ കലാകാരനെ അവസാനമായി ഒരുനോക്ക് കാണാൻ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട നിരവധിപ്പേരാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. ഇവിടെനിന്ന് ഒന്നേമുക്കാലോടെയാണ് സംസ്കാരത്തിനായി മൃതദേഹം തോട്ടയ്ക്കാട്ടുള്ള സെമിത്തേരിയിലേക്ക് കൊണ്ടുപോയത്.

തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റേജ്ഷോയ്ക്കു ശേഷം കോഴിക്കോട് വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു സംഘം. മുൻസീറ്റിലായിരുന്ന സുധിയുടെ തലയ്ക്കാണു പരുക്കേറ്റത്. നാട്ടുകാർ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒപ്പമുണ്ടായിരുന്ന നടൻ ബിനു അടിമാലി (47), ഉല്ലാസ് അരൂർ (38) എന്നിവരെ പരുക്കുകളോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിവിയിലൂടെ ശ്രദ്ധേയനായ സുധിയുടെ ആദ്യ സിനിമ ‘കാന്താരി’ (2015) ആണ്. ‘കട്ടപ്പനയിലെ ഋതിക് റോഷൻ’ (2016), ‘കുട്ടനാടൻ മാർപാപ്പ’ (2018), ‘കേശു ഈ വീടിന്റെ നാഥൻ’ (2020), ‘ബിഗ് ബ്രദർ’ (2020), ‘നിഴൽ’ (2021) തുടങ്ങിയവയാണു ശ്രദ്ധേയ ചിത്രങ്ങൾ.

Leave a Reply