സമസ്ത-ലീഗ് തർക്കം രൂക്ഷമാകുന്നതിടെ പുതിയ സമിതിയുമായി സമസ്തയിലെ ലീഗ് അനുകൂലികൾ. സുന്നി ആദർശ സംരക്ഷണ സമിതി എന്ന പേരിലാണു പുതിയ സംഘം രൂപീകരിച്ചത്. സമസ്തയിലെ ലീഗ് വിരുദ്ധർക്കെതിരെ ഈ വേദിയുടെ പേരിൽ പ്രചാരണം നടത്തുമെന്നാണ് പ്രഖ്യാപനം. കോഴിക്കോട്ട് നടന്ന സമ്മേളനത്തിലാണ് സമിതിയുടെ പ്രഖ്യാപനം നടന്നത്.പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഉൾപ്പെടെ നടക്കുന്ന പ്രചാരണങ്ങൾക്കു മറുപടിയുമായാണു സമ്മേളനത്തെ ചൂണ്ടിക്കാട്ടുന്നത്.
ചടങ്ങിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ മുശാവറ അംഗത്വത്തിൽനിന്നു നീക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട മുഴുവൻ മേഖലകളിൽനിന്നും നീക്കണമെന്നും ആവശ്യമുണ്ട്. സാദിഖലി തങ്ങൾക്കെതിരെ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം.
ന്യൂനപക്ഷ മുസ്ലിം ഇന്ത്യയ്ക്ക് ആശാവഹമായ അവസ്ഥയ്ക്കു കാരണമായ പങ്കാളിത്തത്തിനു കളമൊരുക്കിയ കേരളീയ മുസ്ലിം മോഡലിന്റെ പിറകിലെ ചാലകശക്തിയായ മുസ്ലിം ലീഗും അധ്യാത്മിക, വൈജ്ഞാനിക, സാമൂഹിക രംഗത്തെ മുന്നേറ്റം സാധ്യമാക്കിയ സമസ്തയും പരസ്പരം മാനിച്ചും സഹകരിച്ചും പോരുന്ന രീതിയാണ് മഹോന്നതരായ നേതാക്കൾ പകർന്നുതന്നത്. ഈ ബന്ധത്തിന് വിള്ളൽ ഉണ്ടാക്കുന്ന പരാമർശങ്ങൾ ഇരു സംഘടനകളുടെയും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്ന് വരുന്നത് പ്രതിഷേധാർഹമാണ്. ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സുപ്രഭാതം പത്രത്തിന്റെ സ്ഥാപിതലക്ഷ്യത്തിനും നയത്തിനും വിരുദ്ധമായി പത്രം പ്രവർത്തിക്കുന്നുവെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ തലേദിവസം വർഗീയത വളർത്തുന്ന പരസ്യം പ്രസിദ്ധീകരിച്ചത് പത്രത്തെ സ്നേഹിക്കുന്നവരെ പ്രതിസന്ധിയിലാക്കി. സ്വാർഥതാൽപര്യത്തിനു വേണ്ടി വിഭാഗീയതയുണ്ടാക്കും വിധം ചില വാർത്തകൾ പ്രസിദ്ധീകരിക്കുന്നുവെന്നും പ്രമേയം ആവശ്യപ്പെട്ടു.
സാമുദായിക സ്പർധയും പ്രാസ്ഥാനിക വിഭാഗീയതയും വളർത്തുന്ന പ്രവർത്തനങ്ങൾക്കു പിറകിൽ പ്രവർത്തിക്കുന്നവരെ മാറ്റിനിർത്തി പത്രത്തെ സ്ഥാപിതലക്ഷ്യത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ സംവിധാനമുണ്ടാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
muslim League supporters in Samasta formed a new group