കാസർകോട്: ഒക്ടോബർ 19 മുതൽ നവംബർ രണ്ട് വരെ ഉദുമ പാലക്കുന്ന് വോൾഫ്രാം സ്റ്റേഡിയത്തിൽ റിയൽ ഇന്ത്യൻ വിഷൻ ഒരുക്കുന്ന സിറ്റി ഗോൾഡ് ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന്റെ ഉദ്‌ഘാടന മത്സരത്തിൽ സെവൻസ് ഫുട്ബോളിലെ രാജകുമാരൻ എന്ന വിശേഷണമുള്ള ഉസ്മാൻ ആഷിക് കളത്തിലിറങ്ങും. 162 ജാലിസ് മേൽപറമ്പിന് വേണ്ടിയാണ് ഉസ്മാൻ ആഷിക് ബൂട്ട്കെട്ടുക. ഇന്ന് നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ 162 ജാലിസ് മേൽപറമ്പ് മുസാഫിർ എഫ്സി രാമന്തളിയെയാണ് നേരിടുക. ഉദുമ പാലക്കുന്ന് വോൾഫ്രാം സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് പോരാട്ടം.
ചിരാഗ് യുണൈറ്റഡ്, മൊഹമ്മദൻസ് എസ്സി, ഗോകുലം കേരളാ തുടങ്ങി ഇന്ത്യയിലെ പ്രശ്‌സത പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച ഉസ്മാൻ ആഷിഖ് അഖിലേന്ത്യ സെവൻസ് ഫുട്ബോളിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ഇന്ത്യയിലെ സെവൻസ് ഫുട്ബോളിൻ്റെ രാജാവ് / രാജകുമാരൻ എന്ന വിശേഷണമുള്ള താരം കൂടിയാണ് ഉസ്മാൻ ആഷിക്.