മണിപ്പൂരിൽ വീണ്ടും അക്രമസംഭവം. മണിപ്പൂരിലെ തെങ്നൗപാൽ ജില്ലയിൽ തിങ്കളാഴ്ച നടന്ന വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെങ്നൗപാൽ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് ഉച്ചയ്ക്ക് ശേഷം ഇരുസംഘങ്ങൾ തമിലുണ്ടായ ആക്രമണത്തിലാണ് 13 പേർ കൊല്ലപ്പെട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്നും പത്ത് കിലോമീറ്റർ അകലെയായിരുന്നു സുരക്ഷാ സേന ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് സൈന്യം സംഭവസ്ഥലത്ത് എത്തിയപ്പോൾ 13 പേരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മൃതദേഹങ്ങളിൽ നിന്നോ സമീപ സ്ഥലങ്ങളിൽ നിന്നോ ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സൈന്യം പറഞ്ഞു.
രിച്ച 13 പേരും ലീത്തു മേഖലയിൽ നിന്നുള്ളവരല്ലെന്നും പ്രത്യേകസംഘമായി മറ്റൊരിടത്ത് നിന്നെത്തിയവരായിരിക്കാമെന്നും സൈന്യം വ്യക്തമാക്കി. അതേസമയം മരിച്ച വ്യക്തികളുടെ പേരുവിവരം പൊലീസോ സുരക്ഷാ സേനയോ സ്ഥിരീകരിച്ചിട്ടില്ല.
സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഭാഗികമായി പിൻവലിച്ചതിന് പിന്നാലെയാണ് വീണ്ടും അക്രമസംഭവം ഉണ്ടായത്. നേരത്തെ മണിപ്പൂരിലെ ഉക്റൂൾ ടൗണിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് സായുധസംഘം കോടി കണക്കിന് രൂപ കൊള്ളയടിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ മേയ് മാസം മുതൽ മെയ്തി – കുകി വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുകയാണ്. കലാപത്തിൽ 175പേർ കൊല്ലപ്പെട്ടെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ഇതിൽ 169 പേരെ തിരിച്ചറിഞ്ഞു. 81 മൃതദേഹങ്ങൾ കുടുംബങ്ങൾ ഏറ്റുവാങ്ങി. 88 മൃതദേഹങ്ങൾ ആരും ഏറ്റെടുത്തിട്ടില്ലെന്നും സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ജമ്മു കശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗീത മിട്ടലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.