തമ്പ് മേൽപ്പറമ്പും ചന്ദ്രഗിരി ക്ലബ് മേൽപറമ്പും സംയുക്തമായി നടത്തുന്ന പ്രഥമ പാദൂർ കുഞ്ഞാമു ഹാജി മെമ്മോറിയൽ സെവന്‍സിന്റെ രണ്ടാം ദിനത്തിൽ യൂറോ സ്പോർട്സ് പടന്നയെ ഗോളിൽ മുക്കി 162 എഫ്സി കട്ടക്കാലിയൻസ്. എതിരില്ലാത്ത 3 ഗോളുകൾക്കാണ് കട്ടക്കാലിയൻസിന്റെ വിജയം. അൽ മദീന ചെർപ്പുളശ്ശേരിയുടെ കരുത്തുമായി ഇറങ്ങിയ കട്ടക്കാൽ തുടക്കം മുതലേ ആക്രമിച്ച് കളിക്കുകയായിരുന്നു. ആദ്യ പകുതിയിൽ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ രഹിതമായിരുന്നു ആദ്യ പകുതി.
രണ്ടാം പകുതിയിലാണ് കട്ടക്കാൽ വിശ്വരൂപം പുറത്തെടുത്തത്. 39 ആം മിനുട്ടിൽ യൂറോ സ്പോർട്സിന്റെ വല കുലുക്കി തുടങ്ങിയ കട്ടക്കാൽ 43 ആം മിനുട്ടിലും 48 ആം മിനുട്ടിലും ഗോൾ ആവർത്തിച്ചു. പിന്നീടും ഗോൾ വല കുലുക്കാൻ കട്ടക്കാൽ ശ്രമം നടത്തിയെങ്കിലും യൂറോ സ്പോർട്സിന്റെ പ്രതിരോധം തടഞ്ഞ് നിർത്തി. വിജയത്തോടെ ക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ചിരിക്കുകയാണ് കട്ടക്കാൽ.