ജമ്മു കശ്മീരിൽ വാഹനാപകടം മലയാളികള്‍ ഉള്‍പ്പെടെ 5 പേർ മരിച്ചു

ജമ്മു കശ്മീരിൽ വാഹനാപകടം മലയാളികള്‍ ഉള്‍പ്പെടെ 5 പേർ മരിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. സോനം മാര്‍ഗിലേക്ക് പോകുകയായിരുന്ന കാര്‍ ശ്രീനഗറിലെ സോജില പാസിനടുത്ത് വച്ച്‌ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടത്തില്‍പ്പെട്ടത്.

വിനോദസഞ്ചാരികളായ സുധേഷ്, അനില്‍, വിഗ്നേഷ്, രാഹുല്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ഇവര്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ സ്വദേശികളാണെന്നാണ് വിവരം. അപകട വിവരം അറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കള്‍ ജമ്മു കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.

മലയാളികളെ കൂടാതെ വാഹനമോടിച്ചിരുന്ന ജമ്മുകാശ്മീര്‍ സ്വദേശി ഇജാസ് അഹമ്മദും അപകടത്തില്‍ മരിച്ചു. കാറില്‍ ഡ്രൈവര്‍ ഉള്‍പ്പടെ ആകെ എട്ടുപേരാണ് ഉണ്ടായിരുന്നത്. നാലു പേര്‍ സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു. ശേഷിച്ച നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഒരാള്‍ ആശുപത്രിയില്‍വെച്ച്‌ മരണപ്പെടുകയായിരുന്നു. മരിച്ചവരുടെ മൃതദേഹം ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍പ്പെട്ട കാറില്‍ കുടുങ്ങിയവരെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് മലയിടുക്കിലെ കൊക്കയിലേക്ക് വീണത്.

ഇപ്പോള്‍ അപകടം നടന്ന സ്ഥലത്തെ ഇക്കഴിഞ്ഞ മെയില്‍ രണ്ട് വാഹനങ്ങള്‍ കൊക്കയിലേക്ക് മറിഞ്ഞിരുന്നു. വീതി കുറഞ്ഞ റോഡില്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ മുമ്ബും ഇവിടെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave a Reply