കർണാടകയിൽ ദുരൂഹസാഹചര്യത്തിൽ ഒരു വീട്ടിനുള്ളിൽ നിന്ന് ഒരേ കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടം (Five skeletons) കണ്ടെത്തിയതായി റിപ്പോർട്ടുകൾ.
മരണപ്പെട്ട അഞ്ചുപേരെയും അവസാനമായി കണ്ടത് 2019 ജൂലൈയിലാണെന്നും അതിനു ശേഷം അവരുടെ വസതി (House) പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്നുമാണ് വിവരങ്ങൾ. അതേസമയം തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് കുടുംബം നയിച്ചിരുന്നതെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇവർ കടുത്ത ആരോഗ്യപ്രശ്നങ്ങളാൽ വലയുകയായിരുന്നുവെന്നും മരണപ്പെട്ടവരുടെ ബന്ധുക്കൾ പോലീസിനോട് വ്യക്തമാക്കി.
ഏകദേശം രണ്ട് മാസം മുമ്പാണ് ഈ വീട് സംബന്ധിച്ച് അസ്വാഭാവികത നാട്ടുകാരുടെ ശ്രദ്ധയിൽ എത്തുന്നത്. പ്രഭാതസവാരിക്കിടെ വീട്ടിലെ പ്രധാന തടി വാതിൽ തകർന്നതായി പലരും ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇത് സ്വാഭാവിമാണെന്നു കരുതി അവർ പൊലീസിൽ അറിയിച്ചിരുന്നില്ല. തുടർന്നു നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ ഒന്നിലധികം തവണ അതിക്രമിച്ചുകയറിയതായി മനസ്സിലാകുകയായിരുന്നു. വീട് കൊള്ളയടിക്കപ്പെട്ടതായും കണ്ടെത്തി.
തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഒരു മുറിയിൽ നിന്ന് നാല് അസ്ഥികൂടങ്ങൾ കണ്ടെത്തുകയായിരുന്നു. രണ്ടു അസ്ഥികൂടങ്ങൾ കട്ടിലിൽ കിടക്കുന്ന രീതിയിലും രണ്ടെണ്ണം തറയിൽ കിടക്കുന്ന രീതിയിലുമായിരുന്നു കണ്ടത്. മറ്റൊരു മുറിയിൽ നിന്ന് മറ്റൊരു അസ്ഥികൂടവും കണ്ടെത്തി.
വീട്ടിനുള്ളിൽ നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തിയ തുടർന്ന് തെളിവെടുപ്പിനായി ദേവൻഗെരെയിൽ നിന്നുള്ള ഫോറൻസിക് സയൻസ് ലബോറട്ടറി ടീം സ്ഥലത്തത്തി പരിശോധനകൾ ആരംഭിച്ചു. സീൻ ഓഫ് ക്രൈം ഓഫീസർമാരെ വിളിച്ചുവരുത്തി വീടിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മരണപ്പെട്ടവരുടെ പരിചയക്കാർ, ബന്ധുക്കൾ എന്നിവരുടെ മൊഴികൾ പൊലീസ് ശേഖരിച്ചു. ബന്ധുക്കൾ നൽകിയ കുടുംബ ചരിത്രത്തിൻ്റേയും മറ്റു മൊഴികളുടെയും അടിസ്ഥാനത്തിൽ കണ്ടെത്തിയ അസ്ഥികൂടങ്ങൾ മുതിർന്ന ദമ്പതിമാരുടെയും അവരുടെ പ്രായമായ മകൻ്റേയും മകളുടെയും ചെറുമകൻ്റേയുമാണെന്ന് സംശയിക്കുന്നു. സമയം ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ മരിച്ചവരുടെ പേരുവിവരം സ്ഥിരീകരിക്കൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.