മഹാരാഷ്ട്രയിലെ നവി മുംബൈയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ നാല് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും കാണാതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അവരില്‍ ഒരാളെ പിന്നീട് കണ്ടെത്തിയാതായി സ്ഥിരീകരിച്ചുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
പോലീസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, 12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഡിസംബര്‍ 3 നും 4 നും ഇടയിലാണ് കാണാതായത്. തിങ്കളാഴ്ച കോപ്പര്‍കര്‍ണയില്‍ നിന്ന് കാണാതായ 12 വയസ്സുകാരനെ പിന്നീട് താനെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടെത്തിയാതായി പോലീസ് പറയുന്നു. കാണാതായ മറ്റു കുട്ടികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കലംബോലിയില്‍ 13 വയസ്സുള്ള പെണ്‍കുട്ടി ഞായറാഴ്ച സഹപാഠിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നുവെന്നും പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അതുപോലെ, പനവേലില്‍ നിന്നുള്ള 14 വയസ്സുള്ള പെണ്‍കുട്ടി ഞായറാഴ്ച സുഹൃത്തിന്റെ വീട്ടില്‍ പോയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയിട്ടില്ല. കമോത്തെയില്‍ തിങ്കളാഴ്ച 12 വയസ്സുള്ള പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം പിന്നീട് ഒരു വിവരവുമില്ലെന്ന് വീട്ടുകാര്‍ പറയുന്നു. സമാനമായ രീതിയിലാണ് റബാലെയിലെ 13 വയസ്സുകാരിയെയും കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയെങ്കിലും പിന്നീട് തിരികെ വന്നിട്ടില്ല. കൂടാതെ, റബാലെയില്‍ നിന്നുള്ള 13 വയസ്സുള്ള ആണ്‍കുട്ടി തിങ്കളാഴ്ച പുലര്‍ച്ചെ ഒരു പൊതു ടോയ്‌ലറ്റില്‍ പോയ ശേഷം പിന്നീട് വിവരമില്ല.
ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ അധികൃതര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കാണാതായ കുട്ടികളെ കണ്ടെത്തി തിരികെ കൊണ്ടുവരുന്നതിനുള്ള വിപുലമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.