ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽഇഡി ബൾബ് പുറത്തെടുത്തു . കോട്ടയം സ്വദേശികളായ ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ നിന്നാണ് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തത്. നിർത്താതെയുള്ള ചുമയും ശ്വാസ തടസവും കാരണം കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിൽ എന്തോ ഒരു വസ്തു കിടക്കുന്നതായി കണ്ടെത്തി. തുടർന്ന് വിദഗ്ദ്ദ ചികിത്സയ്ക്കായി എറണാകുളത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അമൃത ആശുപത്രിയിൽ നടത്തിയ ബ്രോങ്കോസ്കോപ്പി പരിശോധനയിലാണ് കുഞ്ഞിന്റെ വലത്തെ ശ്വാസകോശത്തിനുള്ളിൽ ചുവന്ന നിറത്തിലുള്ള എൽഇഡി ബൾബ് കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് വിദഗ്ദ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ബൾബ് പുറത്തെടുക്കുകയായിരുന്നു. കളിപ്പാട്ടങ്ങളിൽ കാണുന്ന തരത്തിലുള്ള ബൾബ് ആയതിനാൽ കുഞ്ഞ് കളിക്കുന്നതിനിടെ വിഴുങ്ങിയതാകാമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.