കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിസലെ പ്രതികള്‍ കാണാമറയത്ത് തുടരവെ ജില്ലയില്‍ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.
കൊട്ടാരക്കര വാളകം ആര്‍വിവി എച്ച് എസില്‍ പഠിക്കുന്ന ഏഴാം ക്ലാസുകാരിയെയാണ് ഇന്ന് വൈകുന്നേരത്തോടെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.
വൈകിട്ട് നാലരയോടെ വാളകം മൂഴിയില്‍ ഭാഗത്താണ് സംഭവം. സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടി ഭക്ഷണം കഴിച്ചശേഷം ട്യൂഷന് പോകുന്ന വഴിയിലാണ് സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തലച്ചിറ തെറ്റിയില്‍ ഭാഗത്തെ ഒരു വീട്ടില്‍ ട്യൂഷന് പോകുന്ന വഴിയിലാണ് സംഭവം നടന്നത്. വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന നീല ഒമ്നി വാനില്‍ ഉണ്ടായിരുന്ന രണ്ടുപേരാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് കുട്ടി പിന്നീട് പറഞ്ഞു.
കുഞ്ഞിന്റെ ഉടുപ്പ് വലിച്ച് കീറുകയും ബാഗ് വലിച്ചെടുക്കുകയും ചെയ്തു. കൈതട്ടിമാറ്റി അലറിവിളിച്ച് ഓടി കുട്ടി അടുത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. സംഭവം അറിഞ്ഞതോടെ നാട്ടുകാര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടി. വാൻ അഞ്ചല്‍ ഭാഗത്തേക്ക് ഓടിച്ചുപോയെന്നാണ് വിവരം. വിവരമറിഞ്ഞ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപെടുത്തി.
സമീപ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജാഗ്രതാ നിര്‍ദേശവുമുണ്ട്.