ഡൽഹി: ചാരവൃത്തി ആരോപിച്ച് 2022ൽ ഖത്തറിൽ തടവിലാക്കിയ മലയാളിയടക്കം 8 മുൻ നാവിക സേനാ ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ട് മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം 8 പേരെയും വിട്ടയച്ചു. ഇവരിൽ ഏഴു പേരും നാട്ടിൽ തിരിച്ചെത്തി. ഇന്ത്യയുടെ നയതന്ത്ര വിജയമായാണിത് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് ഖത്തറിലെ ജയിലിൽ കഴിഞ്ഞിരുന്നത്. ഖത്തർ എമിരി നേവൽ ഫോഴ്‌സിൽ ഇറ്റാലിയൻ യു212 സ്റ്റെൽത്ത് അന്തർവാഹിനികളുടെ മേൽനോട്ടം വഹിക്കുകയായിരുന്നു അവർ.
ഖത്തർ അമിർ 8 പേരെയും വിട്ടയക്കാനുള്ള ഉത്തരവ് നൽകുകയായിരുന്നു. നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി തടവുശിക്ഷ കോടതി നൽകിയിരുന്നു. ഖത്തർ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഏഴ് പേർ ഇന്ത്യയിലേക്ക് തിരിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെ വാർത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
“ഖത്തറിൽ തടവിലാക്കപ്പെട്ട ദഹ്‌റ ഗ്ലോബൽ കമ്പനിയിൽ ജോലി ചെയ്യുന്ന എട്ട് ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതിനെ ഇന്ത്യൻ സർക്കാർ സ്വാഗതം ചെയ്യുന്നു. ഇവരിൽ എട്ടുപേരിൽ ഏഴുപേരും ഇന്ത്യയിൽ തിരിച്ചെത്തി. ഈ പൗരന്മാരെ മോചിപ്പിക്കാനും നാട്ടിലേക്ക് മടങ്ങാനും പ്രാപ്തമാക്കാനുള്ള ഖത്തർ സ്റ്റേറ്റ് അമീറിൻ്റെ തീരുമാനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
2023 ഒക്ടോബറിലാണ് ഖത്തറിലെ വിചാരണ കോടതി 8 പേര്‍ക്ക് വധശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ട മുന്‍ നാവികരുടെ കുടുംബം നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഡിസംബര്‍ 28ന് അപ്പീല്‍ കോടതി വധശിക്ഷ റദ്ദാക്കി. പകരം ഓരോത്തര്‍ക്കും വ്യത്യസ്ത കാലയളവിലുള്ള ജയില്‍ ശിക്ഷയാണ് വിധിച്ചത്.
അല്‍ ദഹ്റ എന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന എട്ട് പേര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ഖത്തര്‍ അധികൃതരോ ഇന്ത്യന്‍ അധികൃതരോ വെളിപ്പെടുത്തിയിട്ടില്ല. മാര്‍ച്ച് 25ന് ഇവര്‍ക്കെതിരെ കുറ്റപത്രം നല്‍കുകയും തുടര്‍ന്ന് ഒക്ടോബര്‍ 26ന് പ്രാഥമിക കോടതി വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിക്കുകയുമായിരുന്നു.