ആളുകളെ പറ്റിച്ച് മോഷണം നടത്തുന്ന കള്ളനെ പറ്റിച്ച് നാട്ടിലെ താരമായിരിക്കുകയാണ് കാസർകോട് കാഞ്ഞങ്ങാട്ടെ 76 കാരി.പള്ളിക്കര പൂച്ചക്കാട് തെക്കുപുറം സ്വദേശി പി.കുഞ്ഞിരാമന്‍റെ ഭാര്യ കെ.നാരായണിയാണു കള്ളനെ പറ്റിച്ച് നാട്ടിലെ താരമായത്.
ശനിയാഴ്ച ഉച്ചയോടെയാണ് ബൈക്കില്‍ എത്തിയ കള്ളന്മാര്‍ നാരായണി യുടെ മാല മോഷ്ടിച്ചത്.നാരായണിയമ്മയുടെ കഴുത്തില്‍നിന്ന് ഇരുചക്രവാഹനത്തിലെത്തിയ രണ്ടു പേരില്‍ ഒരാള്‍ സ്വര്‍ണമാല പൊട്ടിക്കുകയായിരുന്നു.
ബഹളംവച്ചാല്‍ സ്വര്‍ണമാല തിരിച്ചുകിട്ടില്ലെന്നു നാരായണിയമ്മയ്ക്കു തോന്നി. ഇതോടെ എന്തിനാ മോനെ നിനക്കീ മുക്ക് പണ്ടമെന്ന് നാരായണിയമ്മ ചോദിക്കുകയായിരുന്നു.
അത് കേട്ടയുടന്‍ പൊട്ടിച്ചെടുത്തത് മുക്കുമാലയാണെന്നു വിശ്വസിച്ച കള്ളന്മാര്‍ തട്ടിയെടുത്ത നാലര പവന്‍ സ്വര്‍ണമാല റോഡിലേക്കു വലിച്ചെറിഞ്ഞു സ്ഥലം വിടുകയായിരുന്നു. നാരായണി അമ്മയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.