ബെംഗളൂരു: രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ യുവാവ് സഹപ്രവര്‍ത്തകനെ ഡംബല്‍ ഉപയോഗിച്ച് തലയ്ക്കടിച്ചുകൊന്നു. ബെംഗളൂരുവിലാണ് സംഭവം. ചിത്രദുര്‍ഗ സ്വദേശിയായ ഭീമേഷ് (41) എന്നയാളാണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകനും വിജയവാഡ സ്വദേശിയുമായ സോമല വംശി(24)യാണ് ഭീമേഷിനെ കൊലപ്പെടുത്തിയത്.
ഡാറ്റാ ഡിജിറ്റല്‍ ബാങ്ക് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഭീമേഷും സോമല വംശിയും. വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. നൈറ്റ് ഷിഫ്റ്റിനിടെ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനൊടുവില്‍ സോമല, ഡംബല്‍ കൊണ്ട് ഭീമേഷിന്റെ തലയ്ക്കടിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഭീമേഷ് തല്‍ക്ഷണം മരിച്ചു.
സംഭവത്തിന് പിന്നാലെ സോമല വംശി, ഗോവിന്ദ്‌രാജ് നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

