വിനോദസഞ്ചാരികളുടെ പറുദീസയാണ് ദുബായ്. ഓരോ വർഷവും ദുബൈയുടെ സൗന്ദര്യവും സാധ്യതകളുമറിയാൻ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് ദുബായ് നഗരത്തിലെത്തുന്നത്. കഴിഞ്ഞ വർഷം മാത്രം 1.7 കോടി സന്ദര്‍ശകര്‍ എമിറേറ്റ്‌സില്‍ എത്തിയതായി ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചിരുന്നു. ദുബായുടെ മണ്ണിലേക്ക് സഞ്ചാരികൾ ഒഴുകുമ്പോൾ ഏറെ നേട്ടമുണ്ടാക്കുന്ന ഒരു മേഖലയാണ് ടൂറിസം മേഖലയോട് ചേർന്ന് കിടക്കുന്ന ഹോട്ടൽ മേഖല. കഴിഞ്ഞവര്‍ഷം 77 ശതമാനമായിരുന്നു ദുബായിലെ ഹോട്ടല്‍ താമസനിരക്ക്. നിലവില്‍ നഗരത്തില്‍ ഹോട്ടല്‍ താമസത്തിനായി ഒന്നരലക്ഷത്തിലേറെ മുറികളുണ്ട്..
എന്നാൽ പല ദേശത്ത് നിന്നും വ്യത്യസ്തമായ സംസ്കാരങ്ങളിലും നിന്നും ദുബായിലെത്തുന്ന വിനോദ സഞ്ചാരികൾ എങ്ങനെയാണ് ദുബായിലെ ഭക്ഷണരീതികളോടും സംസ്കാരങ്ങളോടും പൊരുത്തപ്പെട്ട് പോകുന്നത്? സ്പെയിനിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് ജപ്പാൻ ചായ കുടിക്കണമെന്ന് തോന്നിയാൽ എന്ത് ചെയ്യും? തങ്ങളുടെ സംസ്കാരത്തോടിണങ്ങുന്ന പരിപാടികൾ അവർ എങ്ങനെ ദുബായിൽ സംഘടിപ്പിക്കും? എന്നാൽ ഇതിനെല്ലാം പരിഹാരം കണ്ടെത്തുന്ന ഒരു സംഘമുണ്ട്. വസ്ത്രത്തിൽ സ്വർണതാക്കോലുമായി നടക്കുന്ന ക്ലദോറുകൾ എന്ന് വിളിപ്പേരുള്ള സംഘം. ദുബായിലെത്തുന്ന അതിഥികളെ ‘അതിഥി ദേവോ ഭവാ’യായി കണ്ട് ടൂറിസം മേഖലയിലെ അവരുടെ ആഗ്രഹങ്ങൾ സാധിച്ച് നൽകുന്ന ക്ലദോറുകൾ.
ആരാണ് ക്ലാദോറുകൾ?
വസ്ത്രത്തിൽ സ്വർണതാക്കോലും സൂക്ഷിച്ച് നടക്കുന്ന ക്ലദോറുകൾ ചില്ലറക്കാരല്ല. ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലെ ക്ലദോർ എന്ന ആഗോള സംഘടനയിൽ പെട്ട ആളുകളാണ് ക്ലദോറുകൾ. നിലവിൽ 80 രാജ്യങ്ങളിൽ ക്ലദോറുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരാൾക്ക് ക്ലദോർ സ്ഥാനം ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഹോട്ടൽ മേഖലയിൽ വര്ഷങ്ങളുടെ പ്രവർത്തി പരിചയം, വര്ഷങ്ങളുടെ പ്രത്യേക പരിശീലനം, അഭിമുഖങ്ങൾ ഇതൊക്കെ മറികടക്കണം ക്ലദോർ സ്ഥാനം ലഭിക്കാൻ. അതിനാൽ തന്നെ വളരെ തിരഞ്ഞെടുക്കപെട്ടവർക്ക് മാത്രമേ ഈ സ്ഥാനം ലഭിക്കുകയുള്ളു. ഇത്തരത്തിൽ ക്ലദോർ സ്ഥാനം ലഭിക്കുകയും ലെ ക്ലദോർ സംഘടനയുടെ എക്സിക്യ്റ്റീവ് ബോർഡിൽ അംഗത്വം ലഭിക്കുകയും ചെയ്ത വ്യക്തിയാണ് കാസർകോട് സ്വദേശി അബ്ദുൽ ശദാബ്. ഇന്ന് ദുബായ് ടൂറിസത്തിന് ഏറെ ശക്തി നൽകുന്ന ക്ലദോറിന്റെ അവിഭാജ്യ ഘടകം കൂടിയാണ് അബ്ദുൽ ശദാബ്.
ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ സ്പാനിഷുകാരനായ സഞ്ചാരി ജപ്പാൻ ചായ ആവശ്യപ്പെട്ടാൽ അതിനുള്ള പാചകരക്കാരനെ എത്തിച്ച് ഉടനെ തന്നെ അവരുടെ ഇഷ്ടഭക്ഷണങ്ങൾ എത്തിച്ച് കൊടുക്കാൻ ക്ലദോർ സംഘത്തിന് സാധിക്കുന്നുണ്ട്. ഇത് വരെ കേൾക്കാത്ത പല ഭക്ഷണങ്ങളും സഞ്ചാരികൾ ആവശ്യപ്പെടുമ്പോഴും അവരുടെ അവധിക്കാലം അവരുടേതായ രീതിയിൽ സന്തോഷഭരിതമാകാനും ക്ലദോറുകൾക്ക് സാധിക്കുന്നുണ്ടെങ്കിൽ അവർ ഈ മേഖലയിൽ ആർജിച്ചെടുത്ത അറിവ് ചെറുതൊന്നുമല്ല എന്ന് വ്യക്തമാവുന്നു.എമിറേറ്റിലെത്തുന്ന ഓരോ സഞ്ചാരിയും ഹൃദയം നിറഞ്ഞ സന്തോഷവുമായി ജന്മനാട്ടിലേക്ക് പറക്കുമ്പോൾ അവരുടെ സന്തോഷങ്ങൾക്ക് പിറകിൽ ശദാബെന്ന ക്ലദോറിന്റെ ഇടപെടലും വിസ്മരിക്കാനാവില്ല. യുഎഇയുടെ ടൂറിസം മേഖലയ്ക്കും ക്ലദോറുകൾ നൽകുന്ന സംഭാവന ചെറുതല്ല. എല്ലാത്തിനും പുറമെ വിരുന്നുകാരെ വയറും മനസും നിറച്ചും യാത്രയാക്കുന്ന മലബാറിന്റെ രക്തവും ഷദാബിന് കരുത്ത് നൽകുന്നു.