തിരുവനന്തപുരം: വര്‍ക്കല ബീച്ചിൽ ഫ്ലോട്ടിംഗ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് അപകടം. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയില്‍പെട്ട് ഇതിന്റെ കൈവരി തകരുകയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും തിരമാല ശക്തമായതോടെ അതിലുണ്ടായിരുന്നവർ കടലിൽ പതിക്കുകയായിരുന്നു. എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും തിരമാലയുടെ ശക്തി കൊണ്ട് പലർക്കും കരയിലേക്ക് നീങ്ങാൻ സാധിച്ചിരുന്നില്ല. ഇതാണ് അപകടത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ എത്തി പരിക്കേറ്റവരെ കരയിലെത്തിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രികളിലേക്ക് മാറ്റി.
തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്ലോട്ടിംഗ് ബ്രിജാണ് വർക്കയിലുള്ളത്. കഴിഞ്ഞ ഡിസംബർ 26ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഇത് ഉദ്‌ഘാടനം ചെയ്‌തത്. കൂടാതെ സംസ്ഥാനത്തെ ഏഴാമത്തെ ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് കൂടിയാണ് വർക്കലയിലുള്ളത്. ശനിയാഴ്‌ച ആയതിനാൽ തന്നെ ഇന്ന് ഫ്ലോട്ടിംഗ് ബ്രിഡ്‌ജിൽ കയറാൻ കൂടുതൽ സഞ്ചാരികൾ എത്തിയിരുന്നു.
അതേസമയം, കൂടുതൽ പേർ കടലിൽ വീണോയെന്ന സംശയം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ശക്തമായ തിരമാല അടിച്ചിട്ടും അത് വകവയ്ക്കാതെ ആളുകളെ കയറ്റിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ലൈഫ് ഗാർഡ് ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്.
നേരത്തെ കഴിഞ്ഞ നവംബറിലും സമാനമായ സംഭവം തൃശൂർ ചാവക്കാട് ബീച്ചിൽ നടന്നിരുന്നു. അന്ന് അദ്ഭുതകരമായാണ് ബ്രിഡ്‌ജിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത്. കടലിലൊഴുകിയ ഫ്ലോട്ടിംഗ് ബ്രിഡ്‌ജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റിയിരുന്നു. നൂറു മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിങ് ബ്രിജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം വേർപെട്ടുപോയിരുന്നു. 22 സഞ്ചാരികളും 6 ജീവനക്കാരുമാണ് അപകടസമയത്ത് ബ്രിഡ്‌ജിൽ ഉണ്ടായിരുന്നത്.