റോഡ് നിർമ്മാണത്തെക്കുറിച്ചുള്ള വിവരാവകാശത്തിന്‌ മറുപടി പരിഹാസം; ഉദ്യോഗസ്ഥർക്ക് കിട്ടി കിടിലൻ പണി

റോഡ് നിർമ്മാണത്തെക്കുറിച്ചുള്ള വിവരാവകാശത്തിന്‌ മറുപടി പരിഹാസം; ഉദ്യോഗസ്ഥർക്ക് കിട്ടി കിടിലൻ പണി

വിവരാവകാശ അപേക്ഷക്ക് വ്യക്തമായ വിവരം നൽകാത്തതെ പരിഹസിച്ച് മറുപടി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് സംസ്ഥാന സംസ്ഥാന വിവരാവകാശ കമീഷണർ. വാഴയൂർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, ഹെഡ് ക്ലർക്ക് എന്നിവർക്കെതിരെയാണ് വിവരാവകാശ കമീഷന്റെ നടപടി. വാഴയൂർ ഗ്രാമപഞ്ചായത്തിൽ സി.എം.എൽ.ആർ.ആർ.പി ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി നിർമിച്ച റോഡ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് കുളപ്പുറത്ത് ശംസുദ്ധീൻ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് നൽകിയ മറുപടിയാണ് നടപടിക്കാധാരം.
അസിസ്റ്റന്റ് എൻജിനീയറായിരുന്ന ഒ. ബിബിൻ, ഹെഡ് ക്ലർക്കായിരുന്ന എൻ.എസ്. സുജ എന്നിവർക്കെതിരെയാണ് സംസ്ഥാന വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹഖീം 12,500 രൂപ വീതം പിഴചുമത്തിയത്. ഹർജിക്കാരൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതെ ഉദ്യോഗസ്ഥർ പരസ്പരം കുറ്റംപറഞ്ഞ് അപേക്ഷകനെ കളിയാക്കുന്ന രീതിയിലാണ് പെരുമാറിയതെന്ന് നേരത്തെ കമീഷണർ കണ്ടെത്തുകയും ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണങ്ങൾ തള്ളിയാണ് കമീഷൻ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇരുവരും തുക ട്രഷറിയിൽ അടച്ച് ഈ മാസം 30നകം കമീഷനെ ബോധ്യപ്പെടുത്തണമെന്നും അല്ലാത്തപക്ഷം അവരുടെ ശമ്പളത്തിൽനിന്ന് പിടിച്ച് മേലധികാരികൾ ഡിസംബർ അഞ്ചിനകം റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിലുണ്ട്.

Leave a Reply