തർക്കത്തിന് കാരണം അപർണയുടെ മദ്യപാനമെന്ന് ഭർത്താവ്: അച്ഛൻ അമ്മയുടെ തലയിൽ മദ്യകുപ്പികൊണ്ട് അടിച്ചെന്ന് മകൾ
അപർണ നായരെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം അപർണ മദ്യപിച്ചിരുന്നതായി ഭർത്താവിന്റെ വെളിപെടുത്തൽ. അപർണ മദ്യപിക്കുന്നത് കണ്ടത് ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് കാരണമായത്. സംഭവ ദിവസം രാവിലെ സഞ്ജിതും അപർണ്ണയും ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. രാത്രി ഓണാഘോഷം കാണാൻ പോകാമെന്നും തീരുമാനിച്ചു. എന്നാൽ ഇതിനിടെ അപർണ മദ്യപിക്കുകയായിരുന്നു. അപർണയുമായി വഴക്കിട്ട ശേഷം മക്കളേയും കൂട്ടി പുറത്ത് പോയെന്നാണ് സഞ്ജിത്ത് കരമന പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്.
മേട്ടുക്കടയിലെത്തിയപ്പോൾ അപർണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് ഫോൺ വന്നു. ഉടൻ തന്നെ താൻ തിരിച്ച് വീട്ടിലെത്തിയെന്നും സഞ്ജിതിന്റെ മൊഴിയിൽ പറയുന്നു. അതേസമയം അച്ഛൻ അമ്മയുടെ തലയിൽ മദ്യകുപ്പികൊണ്ട് അടിച്ചെന്ന് മകൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പ് മുറിയിൽ അപർണ നായരേ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള വഴക്കും ഭർത്താവിന്റെ അമിത മദ്യപാനവുമാണ് അപർണയുടെ മരണത്തിന് കാരണമെന്ന് സഹോദരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.