ദുബായ്‌യുടെ മത സാമൂഹിക സാംസ്‌കാരിക നിയമ മണ്ഡലങ്ങളിലെ സുപ്രധാനിയാണ് കാസർകോട് സ്വദേശിയായ യുവ അഭിഭാഷകനായ അഡ്വ; ഇബ്രാഹിം ഖലീൽ. ഒരു പതിറ്റാണ്ടിലേറെയായി അഭിഭാഷകവൃത്തിയിലേർപ്പെടുന്ന അദ്ദേഹം 2006 ലാണ് കാസർകോട് നിന്നും ദുബായിലേക്ക് ചുവട് മാറ്റുന്നത്. നിർമ്മാണ, റിയൽ എസ്റ്റേറ്റ് നിയമങ്ങൾ, കോർപ്പറേറ്റ്, വാണിജ്യ നിയമങ്ങൾ, ആർബിട്രേഷൻ നിയമങ്ങൾ, കുടുംബ നിയമങ്ങൾ എന്നിവയുൾപ്പെടെ യു.എ.ഇ, ജി.സി.സി നിയമങ്ങളിലും ചട്ടങ്ങളിലും അഗാധമായ അനുഭവ സമ്പത്തുള്ള അദ്ദേഹം യുഎയിലെ പല പ്രമുഖരുടെയും ഫസ്റ്റ് ചോയിസ് കൂടിയാണ്. ലിറ്റിഗേഷൻ, ആർബിട്രേഷൻ, ബദൽ തർക്ക പരിഹാരങ്ങൾ,എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മുംബൈ സർവകലാശാലയിൽ നിന്ന് കോർപ്പറേറ്റ് നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്.
ദുബായിൽ എത്തുന്നതിന് മുമ്പ് തന്നെ 2004 മുതൽ മഹാരാഷ്ട്രയിലെയും ഗോവയിലെയും ബാർ അസോസിയേഷൻ അംഗവുമായിരുന്നു അദ്ദേഹം. കരാറുകൾ, ബൗദ്ധിക സ്വത്തവകാശം, വാണിജ്യ, കോർപ്പറേറ്റ് നിയമം, റിയൽ എസ്റ്റേറ്റ്, നിർമ്മാണ നിയമങ്ങൾ, ബാങ്കിംഗ് നിയമം, ഫ്രാഞ്ചൈസി, വാണിജ്യം എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന പരിശീലന മേഖലകൾ. തന്റെ അഭിഭാഷക ജീവിതത്തിൽ ഇതിനോടകം തന്നെ സൗഹൃദപരമായ തർക്ക പരിഹാരങ്ങൾ നടത്തിയും മധ്യസ്ഥത വഹിച്ചും അദ്ദേഹം പേര് നേടിക്കഴിഞ്ഞിരിക്കുകയാണ്.
തന്റെ മേഖലയെ പണം സമ്പാദിക്കാനുള്ള തൊഴിൽ മേഖലയായി മാത്രം കണക്ക് കൂട്ടാതെ തന്റെ നിയമപരമായ ഈ അറിവും അനുഭവ സമ്പത്തും കൊണ്ട് സഹജീവികൾക്ക് കൈത്താങ്ങാവുക കൂടിയാണ് ഈ യുവ അഭിഭാഷകൻ. പ്രവാസ ലോകത്ത് അഡ്വ ഇബ്രാഹിം ഖലീലിന്റെ നിയമ സഹായം ലഭിച്ചവർ ഏറെയാണ്. ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി കൂടിയായ അദ്ദേഹം കെഎംസിസിക്കൊപ്പവും കാരുണ്യ മേഖലയിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വം കൂടിയാണ്. ദുബായിലെ വിവിധ കർമ്മ മണ്ഡലങ്ങളിലെ അദ്ദേഹം ചെലുത്തിയ സ്വാധീനം തന്നെയാണ് 2021 ൽ അദ്ദേഹത്തിന് യുഎഇ ഗോൾഡൻ വിസയ്ക്ക് അർഹനാക്കിയത്.
ദുബൈ അൽ നഖ്‌വി അഡ്വകേറ്റ്സ് ആൻഡ് ലീഗൽ കൺസൾടൻസ് മാനജിംഗ് പാർട്ണറും സീനിയർ ലീഗൽ കൺസൾട്ടന്റുമാണ് ഇദ്ദേഹം. ദുബൈ കെ.എം.സി.സി ലീഗൽ സെന്റർ ചെയർമാൻ പദവിയും വഹിക്കുന്നുണ്ട്. ബിസിനസ് നെറ്റ്‌വർക് ഇന്റർനാഷണൽ പ്രസിഡണ്ട് കൂടിയായിരുന്നു അദ്ദേഹം.