തൃക്കരിപ്പൂർ പിടിക്കാൻ യുഡിഎഫ്; യുവ അഭിഭാഷകൻ നിസാം ഫലാഹിനെ കളത്തിലിറക്കാൻ നീക്കം

തൃക്കരിപ്പൂർ പിടിക്കാൻ യുഡിഎഫ്; യുവ അഭിഭാഷകൻ നിസാം ഫലാഹിനെ കളത്തിലിറക്കാൻ നീക്കം

കാസർകോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലം തിരിച്ചുപിടിക്കാൻ കരുത്തുറ്റ നീക്കങ്ങളുമായി യുഡിഎഫ്. പതിറ്റാണ്ടുകളായി എൽഡിഎഫിന്റെ ഉറച്ച കോട്ടയായി തുടരുന്ന തൃക്കരിപ്പൂരിൽ ഇത്തവണ യുവത്വത്തിന്റെ കരുത്തിൽ അട്ടിമറി വിജയം നേടാനാണ് മുന്നണി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി യുവഅഭിഭാഷകനും കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ അഡ്വ. നിസാം ഫലാഹിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കാനാണ് നീക്കം നടക്കുന്നത്.

1977-ൽ നീലേശ്വരം മണ്ഡലം വിഭജിച്ച് നിലവിൽ വന്ന തൃക്കരിപ്പൂർ മണ്ഡലത്തിൽ ഇതുവരെ വിജയിക്കാൻ യുഡിഎഫിന് സാധിച്ചിട്ടില്ല എന്നത് വലിയൊരു രാഷ്ട്രീയ വെല്ലുവിളിയാണ്. 1960-ൽ നീലേശ്വരം മണ്ഡലമായിരുന്ന കാലത്ത് കോൺഗ്രസിലെ സി. കുഞ്ഞികൃഷ്ണൻ നായർ വിജയിച്ചത് മാത്രമാണ് കോൺഗ്രസ് പക്ഷത്തിന് ഇതുവരെയുള്ള ഏക ആശ്വാസം. 2021-ൽ നടന്ന അവസാന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി എം.പി. ജോസഫ് 26,137 വോട്ടുകൾക്ക് എം. രാജഗോപാലനോട് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ യുവാക്കളെയും ജനകീയ മുഖങ്ങളെയും രംഗത്തിറക്കുന്നതിലൂടെ ഈ വോട്ടുവ്യത്യാസം മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് കേരള കോൺഗ്രസും യുഡിഎഫും.

ഹൈക്കോടതി അഭിഭാഷകൻ എന്ന നിലയിലും സാമൂഹിക-രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യം എന്ന നിലയിലുമാണ് നിസാം ഫലാഹിയെ കേരള കോൺഗ്രസ് പരിഗണിക്കുന്നത്. മണ്ഡലത്തിൽ യുവാക്കൾക്ക് പ്രാധാന്യം നൽകണമെന്ന ആവശ്യം പ്രവർത്തകർക്കിടയിൽ ശക്തമായതും നിസാമിന് അനുകൂല ഘടകമാണ്. മണ്ഡലത്തിലെ യുഡിഎഫിന്റെ അടിത്തറ ശക്തമാക്കാനും പുതുതലമുറ വോട്ടർമാരെ ആകർഷിക്കാനും നിസാമിലൂടെ കഴിയുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്ന് യുഡിഎഫ് വിലയിരുത്തുന്നു. ഭരണവിരുദ്ധ വികാരത്തോടൊപ്പം സിപിഎമ്മിലെ, പ്രത്യേകിച്ച് ചെറുവത്തൂർ ഭാഗങ്ങളിലെ വിഭാഗീയതയും മുതലെടുക്കാൻ സാധിക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. ഈ അനുകൂല ഘടകങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ തൃക്കരിപ്പൂർ ഇത്തവണ യുഡിഎഫ് പക്ഷത്തേക്ക് ചായുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

അതേസമയം, കോട്ട കാക്കാൻ പുതുമുഖങ്ങളെ തന്നെ രംഗത്തിറക്കാനാണ് എൽഡിഎഫ് നീക്കം. നിലവിലെ എംഎൽഎ എം. രാജഗോപാലന് പകരം വി.പി.പി. മുസ്തഫ, എൽഡിഎഫ് കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ എന്നിവരുടെ പേരുകളാണ് എൽഡിഎഫ് പാളയത്തിൽ ചർച്ചയാകുന്നത്. മണ്ഡലം നിലനിർത്താൻ ഏതറ്റം വരെയും പോകാൻ എൽഡിഎഫും ഉറച്ചുനിൽക്കുന്നതോടെ തൃക്കരിപ്പൂരിലെ പോരാട്ടം ഇത്തവണ പ്രവചനാതീതമാകും.

Leave a Reply