ഡൽഹി: ഇന്ത്യയിൽ നിന്ന് ഉസ്ബെക്കിസ്ഥാൻ വഴി മോസ്കോയിലേക്ക് പുറപ്പെട്ട മൊറോക്കൻ രജിസ്റ്റേർഡ് ചാർട്ടേർഡ് വിമാനം അഫ്ഗാനിസ്ഥാനിൽ തകർന്നു വീണു. എയർ ആംബുലൻസ് വിമാനം ബദക്ഷാൻ പ്രവിശ്യയിൽ തകർന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. കുറഞ്ഞത് ആറ് പേരെങ്കിലും വിമാനത്തിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.
റഷ്യൻ ഏവിയേഷൻ അധികൃതർ പറയുന്നതനുസരിച്ച്, 1978ൽ നിർമ്മിച്ച ഫ്രഞ്ച് നിർമ്മിത ഡസോൾട്ട് ഫാൽക്കൺ 10 ജെറ്റിൽ ഇന്ത്യയിൽ നിന്ന് ഉസ്ബെക്കിസ്ഥാൻ വഴി മോസ്കോയിലേക്ക് യാത്ര ചെയ്യുന്ന ഒരു ചാർട്ടർ ആംബുലൻസ് വിമാനമാണിത്.
വിമാനം “ഇന്ത്യൻ ഷെഡ്യൂൾഡ് വിമാനം അല്ലെങ്കിൽ നോൺ ഷെഡ്യൂൾഡ് (എൻഎസ്ഒപി) / ചാർട്ടർ വിമാനം” അല്ലെന്ന് ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി. മൊറോക്കോയിൽ രജിസ്റ്റർ ചെയ്ത ചെറുവിമാനമാണ് ഇതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ വടക്ക് ഭാഗത്തുള്ള ബദാക്ഷനിലെ ടോപ്ഖാന പർവത നിരകളിലാണ് രാത്രിയിൽ വിമാനം തകർന്നുവീണതെന്ന് പ്രാദേശിക പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അപകടത്തിന്റെ കാരണമോ ആളപായമോ ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. തായ് ലൻഡിൽ നിന്ന് മോസ്കോയിലേക്ക് പോകേണ്ട വിമാനം ഇന്ധനം നിറയ്ക്കാനാണ് ഇന്ത്യയിൽ ഇറക്കിയതെന്നാണ് വിവരം.