സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേദിയിൽ നടൻ അലൻസിയർ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ചലച്ചിത്ര അവാർഡായി പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നാണ് അലൻസിയർ പറഞ്ഞത്. പിന്നാലെ സ്ത്രീവിരുദ്ധ പരാമർശമാണ് എന്നാരോപിച്ച് നിരവധി പേർ രംഗത്തെത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകയോടെ മോശമായി സംസാരിച്ചതിന്റെ പേരിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അലൻസിയർ. ‘ഞാനൊരു പാവമാണ്. ഇനിയെങ്കിലും എന്നെ വെറുതെ വിടണം. ഞാനൊന്നും പറഞ്ഞിട്ടില്ല. എനിക്കൊന്നും അറിയില്ല. വാർത്തകൾ ഒരുപാട് ഉണ്ടാകുന്നുണ്ട്. പലതും മറച്ചുവയ്ക്കുകയാണ്.
കുറച്ച് ദിവസമായിട്ട് എന്റെ പേരിൽ ആഘോഷിച്ചു കൊണ്ടിരിക്കുകയല്ലേ, കച്ചവടം നടത്തുവല്ലേ. വിട്ടേരെ, പാവം ഞാനങ്ങ് ജീവിച്ചോട്ടെ. ഞാൻ അഭിനയിച്ചൊക്കെ ജീവിച്ചോളാം.’‘നിങ്ങൾ എന്റെ പുറകേ നടന്ന് ഓരോന്ന് തോണ്ടി തോണ്ടിയെടുക്കാമെന്ന് വിചാരിക്കണ്ട’ എന്നാണ് അലൻസിയർ മാധ്യമങ്ങളോട് പറഞ്ഞത്.
നേരത്തെ ദേഷ്യപ്പെടേണ്ട സമയത്ത് ദേഷ്യപ്പെടുകയും കരയേണ്ട സമയത്ത് കരയുകയും ചെയ്യുന്ന ആളാണ് താനെന്ന് അലൻസിയർ പറഞ്ഞിരുന്നു. അതാണ് എന്റെ സ്വഭാവം. ഉമ്മ തരേണ്ട നേരത്ത് ഉമ്മ തരികയും ചെയ്യും. അതിപ്പോൾ മഞ്ജു വാര്യർക്ക് ആണെങ്കിലും കൊടുക്കും. അവർ നല്ല സുഹൃത്താണ്. ഉർവശി ചേച്ചിക്ക് ഞാൻ ഉമ്മ കൊടുത്തല്ലോ. ഉള്ളൊഴുക്ക് എന്ന സിനിമ കണ്ടിറങ്ങുമ്പോൾ അവരുടെ പെർഫോമൻസിൽ ഞാൻ ഞെട്ടിപ്പോയി’ എന്നാണ് അലൻസിയർ പറഞ്ഞത്.