ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സ് കത്തിച്ചെന്ന് പരാതി. കിഴക്കഞ്ചേരി കുണ്ടുകാട്ടിലാണ് രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സ് കത്തിച്ചത്. സംഭവത്തിൽ യുഡിഎഫ് പൊലീസിൽ പരാതി നൽകി.
ഇന്നലെ ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘർഷം ഉണ്ടായി. യു.ഡി.എഫ് എരുമപ്പെട്ടി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണത്തിൻ്റെ ഭാഗമായുള്ള ലിസ്റ്റ് വായിക്കുന്നതിനിടെയാണ് നേതാക്കൾ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്.
കൂടിയാലോചന നടത്താതെയാണ് ലിസ്റ്റ് തയ്യാറാക്കിയതെന്നും ഇത് പ്രഖ്യാപിക്കുവാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് സംഘർഷം തുടങ്ങിയത്. പേരുകൾ രേഖപ്പെടുത്തിയ കടലാസ് പ്രതിഷേധക്കാർ ബലമായി പിടിച്ചു വാങ്ങി ചുരുട്ടിയെറിഞ്ഞു.
കൺവെൻഷൻ്റെ ഉദ്ഘാടകനായി എത്തിയ കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയലിൻ്റെ സാന്നിധ്യത്തിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പിന്നീട് നേതാക്കൾ ഇടപ്പെട്ട് ഇരു കൂട്ടരെയും അനുനയിപ്പിച്ച ശേഷമാണ് ലിസ്റ്റ് അവതരിപ്പിച്ചത്.


 
                                         
                                        