വാതുവയ്പ്പിൽ പങ്കുണ്ടെന്ന ആരോപണം; ധോണി നൽകിയ ഹർജിയിൽ ഐപിഎസുകാരന് തടവ്

വാതുവയ്പ്പിൽ പങ്കുണ്ടെന്ന ആരോപണം; ധോണി നൽകിയ ഹർജിയിൽ ഐപിഎസുകാരന് തടവ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി സമർപ്പിച്ച ഹർജിയിൽ, ഐപിഎസ് ഉദ്യോഗസ്ഥന് തടവു ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. ഐപിഎസ് ഉദ്യോഗസ്ഥനായ ജി സമ്പത്ത് കുമാറിനാണ് 15 ദിവസത്തെ തടവു ശക്ഷ വിധിച്ചത്. സുപ്രീം കോടതിക്കും മദ്രാസ് ഹൈക്കോടതിക്കും എതിരെ ഉദ്യോഗസ്ഥൻ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ധോണി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. 

ജസ്റ്റിസുമാരായ എസ് എസ് സുന്ദർ, സുന്ദർ മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധിപ്രഖ്യാപനം നടത്തിയത്. 

ധോണിയുടെ പേരിൽ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്ന്, 2013ലെ ഐപിഎൽ വാതുവെപ്പ് കേസ് ആദ്യം കൈകാര്യം ചെയ്തിരുന്ന സമ്പത്ത് കുമാറിനെതിരെ ധോണി 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.

സുപ്രീം കോടതി, നിയമവാഴ്ചയിൽ നിന്ന് വ്യതിചലിച്ചുവെന്ന് സമ്പത്ത്  ആരോപിച്ചിരുന്നു, കൂടാതെ 2013 ലെ ഒത്തുകളി ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച ജസ്റ്റിസ് മുദ്ഗൽ കമ്മിറ്റി റിപ്പോർട്ട് കൈകാര്യം ചെയ്യുന്നതിനെയും ഐപിഎസ് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സിബിഐ)  നിന്ന് ചില രേഖകൾ തടഞ്ഞുവെച്ചതിൽ സുപ്രീം കോടതിക്ക് പ്രത്യേക ഉദ്ദേശമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അപകീര്‍ത്തി കേസിന്‍റെ എതിര്‍ സത്യവാങ്മൂലത്തിലായിരുന്നു സമ്പത്ത് കുമാറിന്റെ ജുഡീഷ്യറിക്കെതിരായ പരാമര്‍ശം.

നീതിന്യായ വ്യവസ്ഥയുടെ സമഗ്രതയെ നേരിട്ട് ആക്രമിക്കുന്ന ഈ പ്രസ്താവനകൾ അപകീർത്തികരവുമാണെന്ന് ധോണി ഹർജിയിൽ ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകൻ പി ആർ രാമൻ മുഖേന സമർപ്പിച്ച ഹർജിയിൽ സമ്പത്ത് കുമാറിന്റെ പരാമർശത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. 

വിധിയ്‌ക്ക് എതിരെ സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കാൻ 30 ദിവസത്തെ സമയം സമ്പത്ത് കുമാറിന് കോടതി അനുവദിച്ചിട്ടുണ്ട്.

Leave a Reply