നടന്‍ അല്ലു സിരീഷ് വിവാഹിതനാവുന്നു. നയനിക റെഡ്ഡിയാണ് വധു. വിവാഹനിശ്ചയം വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്നു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. നടന്‍ അല്ലു അര്‍ജുന്റെ സഹോദരനായ അല്ലു സിരീഷ് മലയാളത്തിലുള്‍പ്പെടെ അഭിനയിച്ചിട്ടുണ്ട്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അല്ലു അര്‍ജുന്‍, ചിരഞ്ജീവി, രാംചരണ്‍, ഉപാസന, വരുണ്‍ തേജ്, ലാവണ്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തെലുങ്ക് പാരമ്പര്യപ്രകാരമുള്ള ചടങ്ങുകളാണ് നടന്നത്. മുത്തച്ഛന്‍ അല്ലു രാമലിംഗയ്യയുടെ ജന്മദിനത്തിലാണ് അല്ലു സിരീഷ് വിവാഹനിശ്ചയം ആരാധകരെ അറിയിച്ചത്.
മോന്‍ത ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വിവാഹനിശ്ചയ ചടങ്ങില്‍ അവസാനനിമിഷം മാറ്റങ്ങള്‍ വരുത്തിയിരുന്നു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ആദ്യം നിശ്ചയിച്ച വേദി മാറ്റേണ്ടി വന്നു. ഇതിന്റെ ചിത്രങ്ങള്‍ അല്ലു സിരീഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഔട്ട് ഡോറില്‍ നടത്താനിരുന്ന പരിപാടി ഇന്‍ഡോര്‍ വേദിയിലേക്ക് മാറ്റുകയായിരുന്നു.
ബാലതാരമായി സിനിമയിലെത്തിയ അല്ലു സിരീഷ് 2013-ലാണ് ആദ്യ മുഴുനീള വേഷം അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ നായകനായ മേജര്‍ രവി ചിത്രം ‘1871- ബിയോണ്ട് ബോര്‍ഡേഴ്‌സി’ല്‍ പ്രധാനവേഷത്തിലെത്തി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘എബിസിഡി- അമേരിക്കന്‍ ബോള്‍ കണ്‍ഫ്യൂസ്ഡ് ദേസി’ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നായകനായിരുന്നു. ‘ബഡ്ഡി’യാണ് ഒടുവിലറങ്ങിയ ചിത്രം.

