തീരങ്ങളില്‍ ജാഗ്രത മുന്നറിയിപ്പ്; മുല്ലപ്പെരിയാര്‍ ഇന്ന് തുറക്കും

ഇടുക്കി : കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.10 അടിയായി ഉയര്‍ന്നു. ഇതേതുടര്‍ന്ന് ജലനിരപ്പ് നിയന്ത്രിച്ച്‌ നിര്‍ത്താൻ അണക്കെട്ടിനുസമീപത്തെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ചൊവ്വാഴ്ച രാവിലെ 10ന് ഇടുക്കി അണക്കെട്ടിലേക്ക് ജലം ഒഴുക്കുമെന്ന് ഇടുക്കി കലക്ടര്‍ അറിയിച്ചു.

അണക്കെട്ടിലേക്ക് റെക്കോഡ് നീരൊഴുക്കാണ് ഇപ്പോഴുള്ളത്. സെക്കൻഡില്‍ 11060.79 ഘന അടി ജലമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡില്‍ 1867 ഘന അടി ജലമാണ് തുറന്നുവിട്ടിട്ടുള്ളത്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശമായ പെരിയാര്‍ വനമേഖലയില്‍ 82.6 മില്ലീമീറ്ററും തേക്കടിയില്‍ 108 മില്ലീമീറ്റര്‍ മഴയുമാണ് ഞായറാഴ്ച പെയ്തത്.

അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിച്ചതും തമിഴ്നാട്ടിലേക്ക് കൂടുതല്‍ ജലം കൊണ്ടുപോകാനാവാത്തതുമാണ് ഇടുക്കിയിലേക്ക് ജലം തുറന്നുവിടാൻ തമിഴ്നാട് അധികൃതരെ നിര്‍ബന്ധിതരാക്കിയത്. അണക്കെട്ടില്‍നിന്ന് ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഘട്ടംഘട്ടമായി സെക്കൻഡില്‍ 10,000 ഘന അടി ജലം ഇടുക്കിയിലേക്ക് ഒഴുക്കും. ജലം ഒഴുകിപ്പോകുന്ന വള്ളക്കടവ് മുതല്‍ ഉപ്പുതറ, അയ്യപ്പൻകോവില്‍ വരെയുള്ള ജനവാസമേഖലയില്‍ നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ഇടുക്കി ജില്ലക്കൊപ്പം തമിഴ്നാട്ടിലും വ്യാപക മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ ഡാമില്‍ 65.55 അടിയാണ് ജലനിരപ്പ്. 71 അടിയാണ് വൈഗയുടെ സംഭരണ ശേഷി. 57 അടി ശേഷിയുള്ള മഞ്ഞളാര്‍ ഡാമില്‍ 56.30 അടിയും 52.50 അടി ശേഷിയുള്ള ഷണ്‍മുഖാനദി ഡാമില്‍ 52.55 അടിയുമാണ് ജലനിരപ്പ്.

Leave a Reply