ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ട്. ബിഷ്ണാപൂര്‍ ജില്ലയിലാണ് സംഘര്‍ഷം. ഇവിടെ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
ബിഷ്ണാപൂര്‍ ജില്ലയിലെ കുംബിക്കും തൗബാല്‍ ജില്ലയില്‍ വാങ്ഗുവിനും ഇടയിലാണ് വെടിവെപ്പുണ്ടായ സ്ഥലം. പ്രദേശത്ത് നിന്ന് നാല് പേരെ കാണാതായിട്ടുണ്ട്.
ഇഞ്ചി വിളവെടുപ്പിനായി പോയ നാല് പേരെയാണ് കഴിഞ്ഞ ദിവസം കാണാതായത്. വെടിവെപ്പുണ്ടായ സ്ഥലത്തിന് സമീപം തന്നെയാണ് ഇവരെയും കാണാതായത്. ആറ് റൗണ്ട് വെടിവെച്ചുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒയിനാം റോമൻ മെയ്തേയി, അഹാനെന്തം ദാറ മെയ്തേയി, തൗഡാം ഇംബൂച്ച മെയ്തേയി, തൗഡാം ആനന്ദ് മെയ്തേയി എന്നിവരെയാണ് കാണാതായത്.
തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ കുംബി പൊലീസ് കേസെടുത്തിട്ടുണ്ട്. ജനുവരി ഒന്നാം തീയതി തൗബാലിലെ ലിലോങ് മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. മേയ് ഒന്നിന് മണിപ്പൂരില്‍ മെയ്തേയികളും കുക്കികളും തമ്മില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 180ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. മെയ്തേയി സമുദായത്തിന്റെ സംവരണത്തിന് എതിരായ ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിന് പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തത്.