കാലിഫോര്‍ണിയ: കാലിഫോര്‍ണിയ എംറിവില്ലെയിലെ ആപ്പിള്‍ സ്റ്റോറില്‍ മുഖംമറച്ചെത്തിയ മോഷ്ടാവ് പട്ടാപ്പകല്‍ അന്‍പതോളം ഐഫോണുകള്‍ കവര്‍ന്നു.
ഇയാളെ പിന്നീട് പോലീസ് പിടികൂടി.കറുത്തവസ്ത്രവും മുഖംമൂടിയും ധരിച്ചെത്തിയ യുവാവ് ആപ്പിള്‍ സ്റ്റോറില്‍നിന്ന് ഫോണുകള്‍ കൊള്ളയടിക്കുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എംറിവില്ലെയിലെ ആപ്പിള്‍ സ്റ്റോറില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
സ്‌റ്റോറില്‍ പ്രദര്‍ശനത്തിനായി സൂക്ഷിച്ചിരുന്ന 50-ഓളം ഐഫോണുകളാണ് ഇയാള്‍ കവര്‍ന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മോഷണം പോയ ഫോണുകള്‍ക്ക് 49,230 ഡോളര്‍ (ഏകദേശം 40 ലക്ഷം രൂപ) വിലവരും.
സ്‌റ്റോറില്‍നിന്ന് ഫോണുകള്‍ പോക്കറ്റിലാക്കി പുറത്തേക്കിറങ്ങിയ മോഷ്ടാവ് ഒരു കാറില്‍ കയറി രക്ഷപ്പെടുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നത്. അതേസമയം, മോഷ്ടാവ് പുറത്തേക്കിറങ്ങുമ്ബോള്‍ റോഡില്‍ ഒരു പോലീസ് വാഹനം കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍, ഇത് ‘ഗോസ്റ്റ് കാര്‍’ ആണെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവസമയം, വാഹനത്തിനുള്ളില്‍ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്നും കുറ്റകൃത്യങ്ങളും ക്രിമിനല്‍പ്രവര്‍ത്തനങ്ങളും തടയാനായി പോലീസ് വിവിധയിടങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനമാണ് ദൃശ്യങ്ങളിലുള്ളതെന്നും പോലീസ് വ്യക്തമാക്കി.