ഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വെള്ളിയാഴ്ച വിചാരണക്കോടതിയിൽ ഹാജരാക്കാൻ ഒരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡി അപേക്ഷ നൽകാനാണ് എൻഫോഴ്‌സ്മെന്റ് നീക്കം. വ്യാഴാഴ്ച രാത്രി ഒരു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റു ചെയ്തത്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി അറസ്റ്റിലാകുന്നത്.
മദ്യനയ കേസിൽ 9 തവണ സമൻസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് കേജ്‌രിവാളിനെ നോർത്ത് ഡൽഹിയിലെ സിവിൽ ലൈനിലുള്ള ഔദ്യോഗിക വസതിയിൽ എത്തി 12 അംഗ ഇ.ഡി സംഘം അറസ്റ്റു ചെയ്തത്. ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ സുപ്രീം കോടതി കേസ് പരിഗണിക്കുമെന്നാണ് സൂചന.
അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റു ചെയ്തതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഡൽഹിയിൽ ഇന്നലെ ഉണ്ടായത്. ആം ആദ്മി പാര്‍ട്ടി നേതാക്കളും പ്രവർത്തകരും അടക്കം വൻ ജനക്കൂട്ടമാണ് കേജ്‌രിവാളിന്റെ വസതിക്കു പുറത്ത് തടച്ചുകൂടിയത്. കൂടാതെ രജ്യത്തെ വിവിധ പ്രതിപക്ഷ പാർട്ടികളും കേജ്‌രിവാളിന് പിന്തുണയുമായി രംഗത്തെത്തി.
കേജ്‌രിവാളിന്റെ കുടുംബവുമായി ഫോണിൽ സംസാരിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. കുടുംബത്തെ രാഹുൽ ഗാന്ധി ഇന്ന് നേരിട്ട് കാണുമെന്നും റിപ്പോർട്ടുണ്ട്. ജനരോഷം നേരിടാൻ ബിജെപിയെ താക്കീത് ചെയ്താണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിഷയത്തിൽ പ്രതികരിച്ചത്.
“ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നത്,” അറസ്റ്റിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
മനീഷ് സിസോദിയ, മുൻ എംപി സഞ്ജയ് സിങ്, കെ.കവിത എന്നിവര്‍ക്കു ശേഷം മദ്യനയ കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ നേതാവാണ് അരവിന്ദ് കേജ്‌രിവാൾ.