മുസ്ലിം ലീഗിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാവും ഇത്തവണയും നിയമസഭയിലേക്ക് പാർട്ടിയെ നയിക്കുകയെന്നാണ് ലഭിക്കുന്ന സൂചനകൾ. പി.എം.എ സലാം, പി.വി. അബ്ദുൽ വഹാബ്, പി.കെ നവാസ്, നജീബ് കാന്തപുരം, അഡ്വ. ഫൈസൽ ബാബു, ഷിബു മീരാൻ തുടങ്ങിയ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തി ശക്തമായ ഒരു പട്ടികയാണ് പാർട്ടി തയ്യാറാക്കുന്നത്.
മുൻ മന്ത്രി ഡോ. എം.കെ മുനീറിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാവും അന്തിമ തീരുമാനമെടുക്കുക. നിലവിൽ അദ്ദേഹം നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ മത്സരത്തിന് തടസ്സമാവുകയാണെങ്കിൽ, സിറ്റിംഗ് മണ്ഡലമായ കൊടുവള്ളിയിൽ മറ്റ് സാധ്യതകൾ പാർട്ടി തേടും.
കാസർകോട് മണ്ഡലത്തിൽ പ്രാദേശിക വികാരം കണക്കിലെടുത്ത് ജില്ലാ നേതൃത്വത്തിൽ നിന്നുള്ളവരെ പരിഗണിക്കാനാണ് നീക്കം. കെ.എം. ഷാജിയുടെ പേര് ആദ്യം ചർച്ചകളിൽ വന്നിരുന്നെങ്കിലും, ജില്ലയ്ക്ക് പുറത്തുള്ളവർ വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം. ഇതോടെ ജില്ലാ പ്രസിഡൻറ് കല്ലട്ര മാഹിൻ ഹാജി, ട്രഷറർ മുനീർ ഹാജി എന്നിവരാണ് അന്തിമ പരിഗണനയിലുള്ളത്. വരും ദിവസങ്ങളിൽ ലീഗ് ഉന്നതാധികാര സമിതി ചേർന്ന് പട്ടികയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകും.

