ബെംഗളൂരു: കർണാടകയില്‍ ട്രക്കില്‍ മിനി ബസ് ഇടിച്ച് പതിമൂന്ന് പേർക്ക് ദാരുണാന്ത്യം. പൂനെ-ബാംഗ്ലൂർ ഹൈവേയിലായിരുന്നു സംഭവം.
ഹവേരി ജില്ലയിലെ ഗുണ്ടേനഹള്ളി ക്രോസിന് സമീപം പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. നിർത്തിയിട്ടിരുന്ന ട്രക്കില്‍ മിനി ബസ് ഇടിക്കുകയായിരുന്നു. പതിനൊന്ന് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
പരിക്കുകളോടെ നാല് പേരെ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു.
പതിനേഴ് പേരാണ് മിനി ബസില്‍ ഉണ്ടായിരുന്നത്. ശിവമോഗ സ്വദേശികളായ ഇവർ തീർത്ഥാടനത്തിനായി ബെലഗാവി ജില്ലയിലേക്ക് പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്നു ദിവസത്തെ തീർഥാടനത്തിന് ശേഷം വ്യാഴാഴ്ച രാത്രിയാണ് ഇവർ ശിവമോഗയിലേക്ക് തിരികെ മടങ്ങിയത്.
അതേസമയം അപകട കാരണത്തില്‍ പൂർണ്ണ വ്യക്തത വന്നിട്ടില്ലെങ്കിലും മിനി ബസിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍.