കോട്ടയം: ആശുപത്രിയില്‍ നിന്ന് അഞ്ച് മാസം പ്രായമുള്ള കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ആണ് സംഭവം. കേസിലെ പ്രധാനപ്രതിക്ക് ആശുപത്രിയില്‍ കയറാന്‍ ഒരുക്കിയ ഹൗസ് കീപ്പിങ് വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരായ ലിജു, അരുണ്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. മെഡിക്കല്‍ കോളേജില്‍ കുടുംബശ്രീ വഴി ജോലി ചെയ്യുന്നവരാണ് ഇരുവരും.
ഈ ആശുപത്രിയിലെ തന്നെ മുന്‍ ജീവനക്കാരായ അഷ്‌റഫ് ആണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. അതിരമ്പുഴ, തെള്ളകം സ്വദേശി വാഴകാലയില്‍ എ വി അഷറഫ് കുടുംബശ്രീ വഴി ഹൗസ് കീപ്പിങ് തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ജോലിക്കെത്തിയത്. എന്നാല്‍ സ്വഭാവദൂഷ്യം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നാല് ദിവസം മുന്‍പ് ഇയാളെ ജോലിയില്‍ നിന്ന് നീക്കിയിരുന്നു.
സംഭവ ദിവസം ആശുപത്രിയിലെത്തിയ ഇയാള്‍ സുഹൃത്തുക്കളായ ലിജു, അരുണ്‍ എന്നിവരുമായി അത്യാഹിത വിഭാഗത്തിന്റെ മുകളില്‍ എത്തി മദ്യപിക്കുകയായിരുന്നു. ഇതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലെ ബേണ്‍സ് യൂണിറ്റിന് മുന്നില്‍ അമ്മയുടെ കൈയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതല്ലാതെ കുട്ടിയുമായി അഷ്‌റഫിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
ആശുപത്രി ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നു യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല എന്നും ലിജുവും അരുണും ജോലി സമയത്ത് മദ്യപിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത് കൂടി കണക്കിലെടുത്താണ് നടപടി എടുത്തത് എന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.