ഉത്തര്‍പ്രദേശിലെ ക്യാമ്ബസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നു ബിജെപി നേതാക്കള്‍ അറസ്റ്റില്‍.
ഐഐടി-ബനാറസ് ഹിന്ദു സര്‍വകലാശാലയിലാണ് സംഭവം നടന്നത്. കുനാല്‍ പാണ്ഡെ, അഭിഷേക് ചൗഹാന്‍, സാക്ഷാം പട്ടേല്‍ എന്നിവരാണ് പിടിയിലായത്. ഈ ക്രൂരസംഭവം നടന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലാണ്. പ്രതികളെ തിരിച്ചറിഞ്ഞതോടെ ഇവര്‍ പ്രധാനമന്ത്രിക്കൊപ്പവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പവുമുള്ള ചിത്രങ്ങള്‍ പുറത്തുവന്നു. ബിജെപി ഐടി സെല്ലിന്റെ മെട്രോപൊളിറ്റന്‍ കോ-ഓര്‍ഡിനേറ്റര്‍ ആണ് കുനാല്‍ പാണ്ഡെ, സാക്ഷാം പട്ടേല്‍ മെട്രോപൊളിറ്റന്‍ കോ-കണ്‍വീനറുമാണ്.
ക്യാമ്ബസിലെ ഗാന്ധിസ്മൃതി ഹോസ്റ്റലിനു സമീപം 2023 നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന ബിടെക് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തത്. ബൈക്കിലെത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും വസ്ത്രമഴിപ്പിച്ച് പീഡനദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ സംഭവത്തില്‍ പ്രതിഷേധിച്ചിരുന്നു. പൊലീസ് പ്രതികളെ പിടികൂടിയത് ക്യാമ്ബസിലെ സിസിടിവികളുടെ സഹായത്തോടെയാണ്.