ദില്ലി : കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ ഹരിയാന അതിർത്തിയിൽ വൻ സംഘർഷം. സമരക്കാർക്ക് നേരെ പൊലീസ് ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം പ്രയോഗിച്ചു. കാൽനടയായി എത്തിയ കർഷകരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകൾ പിടിച്ചെടുത്തു. സിംഘു അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ട്രാക്ടർ ടയർ പഞ്ചറാകാൻ റോഡിലാകെ മുള്ളു കമ്പി നിരത്തിയിട്ടുണ്ട്. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ചെങ്കോട്ട അടച്ചു. സന്ദർശകർക്ക് പ്രവേശനം അനുവധിക്കില്ല. പൊലീസുമായുളള സംഘർഷത്തിന്റെ സാഹചര്യത്തിലും കൂടുതൽ കർഷകർ പ്രദേശത്തേക്ക് ഒഴികിയെത്തുകയാണ്. ഷംബു അതിർത്തിയിലേക്ക് മാർച്ചിന് കൂടുതൽ ട്രാക്ടറുകൾ കർഷകർ തയ്യാറാക്കി.
ഇന്നലെ രാത്രി കേന്ദ്രമന്ത്രിമാരുമായി സംഘടനകൾ നടത്തിയ അഞ്ചു മണിക്കൂർ ചർച്ച പരാജയപ്പെട്ടതോടെയാണ് കർഷകർ സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായി ചർച്ച നടത്താതെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി. കർഷക സംഘടനകൾക്ക് ദില്ലി സർക്കാർ പിന്തുണ പ്രഖ്യാപിച്ചു.
അൻപത് കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന ചലോ ദില്ലി മാർച്ച് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്നാണ് രാവിലെ തുടങ്ങിയത്. ആയിരക്കണക്കിന് കർഷകരാണ് ദില്ലിയിലേക്ക് തിരിച്ചത്. ഫത്തേഗഡ് സാഹിബിൽ മാത്രം 1700 ട്രാക്ടറുകളാണ് മാർച്ചിനായി എത്തിച്ചത്. അതിർത്തി ജില്ലകളിലെല്ലാം ഹരിയാന ഇൻറർനെറ്റ് റദ്ദാക്കി. സമരത്തിൽ പങ്കെടുക്കുന്ന ഹരിയാനയിലെ കർഷകരുടെ പാസ്പോർട്ട് റദ്ദാക്കുമെന്നും ട്രാക്ടർ പിടിച്ചെടുക്കുമെന്നും സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നല്കി. അതിർത്തിയിൽ തടയുന്ന സ്ഥലങ്ങളിൽ ഇരിക്കാനും അടുത്ത ഘട്ടത്തിൽ ദില്ലിയിലേക്ക് കടക്കാനുള്ള നീക്കം ആലോചിക്കാനുമാണ് സംഘടനകളുടെ തീരുമാനം
ഇന്നലെ കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ റായി എന്നിവരുമായാണ് കർഷക സംഘടനകൾ ചർച്ച നടത്തിയത്. രാത്രി പതിനൊന്നിന് അവസാനിച്ച ചർച്ചയിൽ പഴയ സമരകാലത്ത് എടുത്ത കേസുകൾ റദ്ദാക്കാമെന്ന് സർക്കാർ ഉറപ്പു നല്കി. എന്നാൽ താങ്ങുവിലയ്ക്ക് നിയമസാധുത നല്കുന്ന നിയമം ഈ സർക്കാരിൻറെ കാലത്ത് ഇനി പാസ്സാകില്ല എന്നാണ് മന്ത്രിമാർ അറിയിച്ചത്. താങ്ങുവിലയുടെ കാര്യത്തിൽ നടപടിയില്ലാതെ പിന്നോട്ടില്ലെന്ന് കർഷകർ പറഞ്ഞു. അറുപത് വയസ് കഴിഞ്ഞ കർഷകർക്ക് പതിനായിരം രൂപ പെൻഷൻ നല്കണം എന്ന ആവശ്യവും സംഘടനകൾ ശക്തമാക്കുകയാണ്. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തേ കർഷകരുടെ ആവശ്യങ്ങളിൽ തീരുമാനം എടുക്കാൻ കഴിയൂ എന്ന് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട വ്യക്തമാക്കി. സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച ദില്ലി സർക്കാർ കർഷകർ അതിർത്തി കടന്നെത്തിയാൽ ദില്ലിയിൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് പ്രഖ്യാപിച്ചു.