ന്യുഡല്‍ഹി: സ്‌കൂളില്‍ നിന്നും മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ എത്തിയ പിതാവിനെ കാത്തിരുന്നത് വന്‍ ദുരന്തം.
സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന കാളക്കൂറ്റന്റെ ചവിട്ടും കുത്തുമേറ്റ് യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ദക്ഷിണ ഡല്‍ഹിയിലെ കല്‍കാജിയിലുള്ള സെന്റ് ജോര്‍ജ് സ്‌കൂളിനു പുറത്ത് വ്യാഴാഴ്ചയാണ് സംഭവം. തെരുവിലൂടെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന കാളയാണ് ആക്രമണം നടത്തിയത്.
സുഭാഷ് കുമാര്‍ ഝാ (42)എന്നയാളാണ് കൊല്ലപ്പെട്ടത്. സ്ഥലത്തെ സിസിടിവിയില്‍ നിന്നും കാളയുടെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഇടിച്ച് നിലത്തിട്ട ശേഷം ചവിട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മുഖത്തും നെഞ്ചിലുമേറ്റ മാരകമായ ആക്രമണങ്ങളാണ് മരണകാരണം.
ആക്രമണം കണ്ട് അതുവഴി പോയ ചിലര്‍ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. കാളയുടെ പക്കല്‍ നിന്നും രക്ഷിച്ചെടുത്ത യുവാവിനെ ഭദ്ര ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലൂം ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. വാരിയെല്ലുകള്‍ക്ക് ഗുരുതരമായ പൊട്ടലുണ്ടായിരുന്നു. തലയിലും മാരകമായി മുറിവേറ്റുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിഹാര്‍ സ്വദേശിയാണ് സുഭാഷ് കുമാര്‍. ഡല്‍ഹിയില്‍ ഒരു ലോണ്‍ ഏജന്റായി ജോലി ചെയ്യുകയായിരുന്നൂ. ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്നതാണ് സുഭാഷിന്റെ കുടുംബം.
തെരുവിലൂടെ അലഞ്ഞുതിരയുന്ന കന്നുകാലികളുടെ ആക്രമണം മുന്‍പും ഉണ്ടായിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.