അടച്ചിട്ട വീട്  കുത്തിത്തുറന്ന് കവര്‍ച്ച; 20 പവനും പണവും രേഖകളും പോയി

അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച; 20 പവനും പണവും രേഖകളും പോയി

കണ്ണൂര്‍: പയ്യന്നൂരില്‍ പൂട്ടിയിട്ടിരുന്ന എൻജിനിയറുടെ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും വിലപ്പെട്ട രേഖകളും കവര്‍ന്നു.

പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ ചേരിക്കല്‍ മുക്കിലെ വിഘ്നേഷ് ഹൗസില്‍ സുനില്‍കുമാറിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സുനില്‍ കുമാറിന്‍റെ ഭാര്യ പൂര്‍ണിമയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ലോക്കറ്റോടു കൂടിയ 12 പവൻ മാലയും മോതിരങ്ങളടക്കം 20 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍, 20,000 രൂപ, പൂര്‍ണിമയുടെ പാസ്പോര്‍ട്ട്, എസ്ബിഐ ബാങ്കിന്‍റെ ചെക്ക് ബുക്ക് എന്നിവയാണ് മോഷണം പോയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കവര്‍ച്ച നടന്നിരിക്കുന്നത്. തിങ്കളാഴ്ച പൂര്‍ണിമയും മറ്റു കുടുംബാംഗങ്ങളും വീടുപൂട്ടി തലശേരിയിലെ അച്ഛന്‍റെ വീട്ടിലേക്ക് പോയിരുന്നു. ബുധനാഴ്ച രാത്രി 7.30 ഓടെയാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. പൂര്‍ണിമയുടെ ഭര്‍ത്താവ് സുനില്‍കുമാര്‍ ഗള്‍ഫിലാണ്.

വീടിന്‍റെ മുന്‍ഭാഗത്തെ വാതില്‍പൂട്ട് തകര്‍ത്താണ് കള്ളന്മാര്‍ അകത്തുകയറിയത്. കിടപ്പുമുറിയിലെ അലമാരകളുടെ പൂട്ടുകളും തകര്‍ത്ത നിലയിലായിരുന്നു. പയ്യന്നൂര്‍ എസ്‌ഐ എം.വി. ഷിജുവും സംഘവും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply