മരുഭൂമിയില്‍ വാഹനാപകടം; അഞ്ചു പേര്‍ക്ക് പരിക്ക്

മരുഭൂമിയില്‍ വാഹനാപകടം; അഞ്ചു പേര്‍ക്ക് പരിക്ക്

ദുബൈ: എമിറേറ്റിലെ അല്‍ റുവയ്യയില്‍ മണല്‍പ്രദേശത്ത് വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായി ദുബൈ പൊലീസ് അറിയിച്ചു.

അശ്രദ്ധമായി വാഹനമോടിച്ചതും സ്റ്റണ്ടും കാരണമാണ് അപകടമുണ്ടായതെന്നും പരിക്കേറ്റവരെല്ലാം 18നും 20നും ഇടയില്‍ പ്രായമുള്ളവരാണെന്നും അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി ഒമ്ബതിനാണ് അപകടം സംബന്ധിച്ച്‌ പൊലീസില്‍ വിവരം ലഭിച്ചത്. ട്രാഫിക് പട്രോളിങ് വിഭാഗം സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു.

അപകടം വരുത്തിയ വാഹനമോടിച്ചത് 19കാരനായ ഇമാറാത്തി ഡ്രൈവറായിരുന്നു. മണല്‍പ്രദേശത്ത് സ്റ്റണ്ട് കാണിക്കുന്നതിനിടെ പെട്ടെന്ന് വാഹനം തിരിച്ചതാണ് അപകടത്തിന് കാരണമായത്. ഇതോടെ വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്.അശ്രദ്ധവും സാഹസികവുമായ ഡ്രൈവിങ്ങില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ട്രാഫിക് പൊലീസ് ഡയറക്ടര്‍ വാഹന ഉപയോക്താക്കളോട് അഭ്യര്‍ഥിച്ചു.

കാല്‍നട യാത്രക്കാരുടെയും മരുഭൂ പ്രദേശങ്ങളിലെ മറ്റു സന്ദര്‍ശകരുടെയും സുരക്ഷക്കും ഇത്തരം പ്രവൃത്തികള്‍ ഭീഷണിയാണ്. കുടുംബങ്ങള്‍ സംഗമിക്കുന്ന സ്ഥലങ്ങള്‍ക്കും ക്യാമ്ബ് ചെയ്യുന്ന ഭാഗങ്ങളിലും വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കുടുംബങ്ങള്‍ക്കും മറ്റും വലിയ പ്രയാസമുണ്ടാക്കുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി മാറ്റംവരുത്തിയ വാഹനങ്ങളുമായി കുട്ടികള്‍ മരുഭൂമിയിലും പൊതുനിരത്തുകളിലും ഇറങ്ങുന്നതില്‍ മാതാപിതാക്കളുടെ ശ്രദ്ധ വേണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Leave a Reply