കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍

കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍. കൊച്ചിയിലെ എന്‍.ഐ.എ. കോടതിയാണ് റിയാസിനെ കുറ്റക്കാരനായി കണ്ടെത്തിയത്.റിയാസ് അബൂബക്കറിന് എതിരെ ചുമത്തിയ 120 ബിയും യു എ പി എയിലെ 38, 39 വകുപ്പുകളും തെളിഞ്ഞു എന്ന് കോടതി പറഞ്ഞു. ശിക്ഷയിന്മേല്‍ നാളെ വാദം നടക്കും. ഇതിനുശേഷമായിരിക്കും ശിക്ഷ വിധിക്കുക.

പാലക്കാട് കൊല്ലങ്കോട് സ്വദേശിണ് റിയാസ്. 2018 മേയ് 15 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്ത നാഷനല്‍ തൗഹീത് ജമാഅത്ത് നേതാവ് സഹ്‌റാന്‍ ഹാഷിമുമായി ചേര്‍ന്ന് കേരളത്തിലും ചാവേര്‍ ആക്രമണവും സ്‌ഫോടന പരമ്പരയും നടത്താന്‍ റിയാസ് ഗൂഢാലോചന നടത്തി എന്നാണ് എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.

ഒപ്പം ഇയാള്‍ സ്വയം ചാവേറാകാനും പദ്ധതിയിട്ടിരുന്നു. 2016 ല്‍ കാസര്‍കോട്ട് നിന്ന് ഐ എസില്‍ ചേരാന്‍ പോയി എന്നു കരുതുന്ന 14 പേരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് റിയാസ് അറസ്റ്റിലായത്. അഫ്ഗാനിസ്ഥാനില്‍ എത്തിയ ഈ സംഘവുമായി റിയാസ് ബന്ധപ്പെട്ടിരുന്നു എന്നാണ് എന്‍ ഐ എ പറയുന്നത്. അഫ്ഗാനിലെത്തി ഐ എസിന്റെ ഭാഗമായ അബ്ദുള്‍ റാഷിദ് അബ്ദുല്ലയുടെ നിര്‍ദേശ പ്രകാരം റിയാസ് ചാവേര്‍ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നു എന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍.

ഇതിന്റെ ഭാഗമായി സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെയാണ് റിയാസിനെ പിടികൂടിയത് എന്നാണ് എന്‍ ഐ എ വാദം. അതേസമയം റിയാസിനൊപ്പം പിടിയിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖ് എന്നിവരെ പിന്നീട് മാപ്പുസാക്ഷികളാക്കുകയും ചെയ്തിരുന്നു. റിയാസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വീട്ടില്‍ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ തെളിവായി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഹാഷിമുമായി റിയാസ് ബന്ധപ്പെട്ടിരുന്നു എന്നാണ് എന്‍ ഐ എ കണ്ടെത്തല്‍. റിയാസ് അബൂബക്കര്‍ അഞ്ചുവര്‍ഷത്തിലേറെയായി ജയിലിലാണ്. അഡ്വ. ശ്രീനാഥായിരുന്നു കേസിലെ പ്രോസിക്യൂട്ടര്‍. റിയാസിനായി അഡ്വ. ബി എ ആളൂരാണ് ഹാജരായത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

Leave a Reply