ലോകം ശ്വാസമടക്കി കാത്തിരുന്ന ഗുഹാ രക്ഷാ ദൗത്യങ്ങള്‍

ലോകം ശ്വാസമടക്കി കാത്തിരുന്ന ഗുഹാ രക്ഷാ ദൗത്യങ്ങള്‍

ഗുഹാ പര്യവേക്ഷണത്തില്‍ തല്‍പരനായ യു.എസ് പൗരൻ ഫ്ലോയിഡ് കോളിൻസ് 1925 ജനുവരി 30ന് കെന്റക്കിയിലെ സാൻഡ് ഗുഹയില്‍ അകപ്പെട്ടു.

അതിനുള്ളില്‍ 17 ദിവസം അദ്ദേഹം ജീവനായി പൊരുതിനിന്നു. 75 പേരടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍ രാപ്പകലില്ലാതെ അധ്വാനിച്ച്‌ 60 അടി താഴ്ചയില്‍ എത്തിയെങ്കിലും പാറയില്‍ കാല്‍ കുടുങ്ങിയ നിലയില്‍ കോളിൻസിന്റെ മൃതദേഹമാണ് കാണാനായത്. അരലക്ഷം പേര്‍ രക്ഷാപ്രവര്‍ത്തനം കാണാൻ അന്നവിടെ തടിച്ചുകൂടിയിരുന്നു.

-1952 ആഗസ്റ്റില്‍ ഫ്രാൻസിലെ പൈറനീസ്-അറ്റ്‌ലാന്റിക്‌സ് പ്രവിശ്യയിലെ ലാ വെര്‍ണ വൈനറി ഗുഹയില്‍ മാര്‍സെല്‍ ലൂബൻസ് എന്ന ഗുഹാ പര്യവേക്ഷകൻ കൈക്കുഴ പൊട്ടി 1135 അടി താഴേക്കു വീണു. 36 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം 1954ലാണ് അദ്ദേഹത്തിന്റെ മൃതശരീരം പുറത്തെത്തിച്ചത്.

-1983 ഏപ്രില്‍ 23ന് പൊടുന്നനെയുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് യു.എസ് കെന്റക്കിയിലെ വെര്‍നര്‍ മലനിരകളില്‍ എട്ട് ഗുഹാ പര്യവേക്ഷകര്‍ കുടുങ്ങി. 70 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മുങ്ങല്‍ വിദഗ്ധര്‍ 1800 അടി താഴ്ചയില്‍നിന്ന് എട്ടു പേരെയും രക്ഷപ്പെടുത്തി.

-1989 നവംബര്‍ 13ന് പശ്ചിമബംഗാളിലെ മഹാബീര്‍ കല്‍ക്കരി ഖനിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ 232 തൊഴിലാളികള്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടു. 161 പേരെ ഉടൻ രക്ഷപ്പെടുത്തി. ആറു പേര്‍ മരിച്ചു. ബാക്കിയുള്ളവരെ നാലു ദിവസം നീണ്ട ദൗത്യത്തിനൊടുവില്‍ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മൈനിങ് എൻജിനീയര്‍ ജസവന്ത് ഗില്ലിനെ രാജ്യം പരമോന്നത സിവിലിയൻ ധീരതക്കുള്ള സര്‍വോത്തം ജീവൻരക്ഷാ പതക് നല്‍കി ആദരിച്ചു.

-2010 ആഗസ്‌റ്റ് അഞ്ചിന് ചിലെയിലെ സനോസെ ഖനിയില്‍ പാറക്കൂട്ടം തകര്‍ന്ന് കുടുങ്ങിയ 33 പേര്‍ മരണപ്പെട്ടുവെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, 70 ദിവസത്തെ പരിശ്രമത്തിനു ശേഷം 33 പേരെയും ഘട്ടം ഘട്ടമായി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. -2010 ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ വാങ്‌ജിയാലിങ് ഖനിയില്‍ ജോലിക്കിടയില്‍ മണ്ണിടിഞ്ഞുവീണ് 115 ഖനിത്തൊഴിലാളികള്‍ കുടുങ്ങിപ്പോയി.അപകടത്തിന് ഏഴു ദിവസത്തിന് ശേഷമാണ് വിദഗ്ധരെത്തി തൊഴിലാളികളെ പുറത്തെത്തിച്ചത്.

-2014ല്‍ ജര്‍മനിയിലെ ഏറ്റവും ആഴമേറിയ ഗുഹയില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ പാറയില്‍ തലയിടിച്ച 52കാരനായ ജോഹാൻ വെസ്റ്റ്‌ഹോസറിനെ രക്ഷിക്കാൻ 728 പേര്‍ വേണ്ടിവന്നു. 12 മൈലിലധികം നീണ്ടുകിടക്കുന്ന ഗുഹയില്‍ വെസ്റ്റ്‌ഹോസര്‍ ഭൂമിയില്‍നിന്ന് 3766 അടി താഴെയായിരുന്നു കുടുങ്ങിയത്. 11 ദിവസത്തെ സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഹെലികോപ്ടറിന്റെ സഹായത്തോടെ സ്‌ട്രെച്ചറില്‍ ഉയര്‍ത്തി രക്ഷപ്പെടുത്തുകയായിരുന്നു.

– 2018 ജൂണ്‍ 23നാണ് ഫുട്‌ബാള്‍ പരിശീലനത്തിനു പോയ 12 കുട്ടികളും കോച്ചും തായ്‌ലന്‍ഡിലെ ചിയാങ്‌റായ് പ്രവിശ്യയിലുള്ള താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്. കനത്ത മഴയില്‍ ഗുഹയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് പ്രശ്നമായത്. തായ്‌ലന്‍ഡിലെയും വിദേശ രാജ്യങ്ങളിലെയും മുങ്ങല്‍വിദഗ്ധര്‍ അടക്കം 100ലധികം പേരുള്‍പ്പെട്ട സംഘം നടത്തിയ സാഹസിക രക്ഷാദൗത്യത്തിലൂടെ 17 ദിവസത്തിനുശേഷം ജൂലൈ 10നാണ് മുഴുവൻ പേരെയും പുറത്തെത്തിച്ചത്.

-2018 ഡിസംബര്‍ 13ന് മേഘാലയയിലെ ഈസ്റ്റ് ജയിന്തിയ ഹില്‍സിലെ ക്‌സാനിലെ കല്‍ക്കരി ഖനിയില്‍ 370 അടി താഴ്ചയില്‍ 15 ഖനിത്തൊഴിലാളികള്‍ കുടുങ്ങി. അന്നു തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും 12 ദിവസത്തിനു ശേഷമാണ് ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും സംയുക്ത രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

അഞ്ചു ഖനിത്തൊഴിലാളികളെ രക്ഷപ്പെടുത്തിയെങ്കിലും ബാക്കിയുള്ള 10 പേര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം 2019 മാര്‍ച്ച്‌ രണ്ടു വരെ തുടര്‍ന്നു. ഖനിത്തൊഴിലാളികളെ രക്ഷിക്കാനുള്ള ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ശ്രമങ്ങളിലൊന്നായിരുന്നു ഈ ഓപറേഷൻ.

Leave a Reply