ഡൽഹി: പാർലമെന്റിന്റെ സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ കേരളത്തിൽ നിന്നുള്ള ആറ് കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തു. ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രമ്യാ ഹരിദാസ്, ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, വി കെ ശ്രീകണ്ഠൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തതായി പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചത്. ഇതോടൊപ്പം തന്നെ തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി ജ്യോതി മണി, കനിമൊഴി എന്നിവരടക്കം ആകെ 14 എംപിമാരെ ഇന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പാർലമെന്റിന്റെ ശേഷിക്കുന്ന ശീതകാല സമ്മേളനത്തിൽ നിന്നാണ് അഞ്ച് പേർക്കും സസ്പെൻഷൻ ഏർപ്പെടുത്തുന്നതെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി വിശദീകരിച്ചു. സഭയുടെ അന്തസ്സിന് ചേരാത്ത വിധത്തിൽ പെരുമാറിയതിനാണ് അച്ചടക്കനടപടിയെന്ന് കേന്ദ്രമന്ത്രി സഭയിൽ നടത്തിയ പ്രസംഗത്തിൽ അറിയിച്ചു.
കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്ന് ലോക്സഭ രണ്ട് മണിക്ക് ശേഷം ചേർന്ന ഉടനെ തന്നെ എംപിമാരെ സസ്പെൻഡ് ചെയ്യുന്നതായി കേന്ദ്രമന്ത്രി അറിയിക്കുകയായിരുന്നു. തുടർന്നും ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്ന് ലോക്‌സഭ 3 മണി വരെ പിരിഞ്ഞു. പിന്നാലെയാണ് 9 പേരെ കൂടി സസ്പെൻഡ് ചെയ്തത്.
ഇന്നലെ നടന്ന നിർഭാഗ്യകരമായ സംഭവം ബഹുമാനപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ സുരക്ഷ സംബന്ധിച്ച ഗുരുതരമായ സംഭവമാണെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. “അക്കാര്യം ഞങ്ങൾ എല്ലാവരും സമ്മതിക്കുന്നു. ലോക്സഭാ സ്പീക്കർ എല്ലാവരുമായും കൂടിക്കാഴ്ച നടത്തി. ഫ്‌ളോർ ലീഡർമാർ പാർലമെന്റിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനുള്ള അവരുടെ പരിഹാരങ്ങൾ ചില നിർദ്ദേശങ്ങൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ രാഷ്ട്രീയം പാടില്ല,” പ്രഹ്ലാദ് ജോഷി പറഞ്ഞു.
ഇന്നലെയുണ്ടായ സുരക്ഷാ വീഴ്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു. രാജ്യസഭയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രയാനേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിലവിൽ 15 പ്രതിപക്ഷ എംപിമാരാണ് ഇന്ന് പാർലമെന്റിൽ സസ്പെൻഷൻ നേരിട്ടത്.