കനത്ത മഴയില്‍ ചെന്നൈ മുങ്ങി മിഷോങ്‌ ഇന്നു കരതൊടും

കനത്ത മഴയില്‍ ചെന്നൈ മുങ്ങി മിഷോങ്‌ ഇന്നു കരതൊടും

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മിഷോങ്‌ ചുഴലിക്കാറ്റ്‌ ഇന്ന്‌ കരതൊടുമെന്ന മുന്നറിയിപ്പിനിടെ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും പുതുച്ചേരിയിലും അതീവജാഗ്രതാ നിര്‍ദേശം.

വെള്ളപ്പൊക്കം രൂക്ഷമാക്കി കനത്ത മഴ തുടരുന്നതിനാല്‍ തമിഴ്‌നാട്ടില്‍ നാലു ജില്ലകള്‍ക്ക്‌ ഇന്ന്‌ അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചിപുരം, ചെങ്കല്‍പ്പേട്ട്‌ ജില്ലകളിലാണ്‌ അവധി പ്രഖ്യാപിച്ചത്‌. റണ്‍വേയിലുള്‍പ്പെടെ വെള്ളം കയറിയതോടെ ചെന്നൈ രാജ്യാന്തര വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.
അഡയാര്‍ നദി കരകവിഞ്ഞതോടെയാണ്‌ റണ്‍വേയില്‍ വെള്ളം കയറിയത്‌. ഇതോടെ ഇവിടെനിന്നുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി. 23 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വിമാനങ്ങള്‍ പറന്നുയരാന്‍ കഴിയാതെ വന്നതോടെ നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. 2015-ലെ പ്രളയത്തിനുശേഷം ഇതാദ്യമാണ്‌ വെള്ളപ്പൊക്കം കാരണം ചെന്നൈ വിമാനത്താവളം അടച്ചിടേണ്ടിവരുന്നത്‌. കാലാവസ്‌ഥ സാധാരണ നിലയിലായശേഷമേ സര്‍വീസുകള്‍ പുനരാരംഭിക്കൂവെന്ന്‌ വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ചെന്നൈ സെന്‍ട്രലില്‍നിന്നുള്ള നിരവധി ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. റോഡുകളിലുള്‍പ്പെടെ വെള്ളം കയറിയതോടെ ബസ്‌ സര്‍വീസുകളും പലയിടത്തും നിലച്ചു. അതിനിടെ, മതിലിടിഞ്ഞുവീണ്‌ രണ്ട്‌ ഇതരസംസ്‌ഥാന തൊഴിലാളികള്‍ മരിച്ചു. കാനത്തൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളില്‍ താമസിച്ചിരുന്ന തൊഴിലാളികളാണു മരിച്ചത്‌. ഝാര്‍ഖണ്ഡ്‌ സ്വദേശി സക്കീര്‍(20), അഫ്രോസ്‌(30) എന്നിവര്‍ക്കാണ്‌ ദാരുണാന്ത്യം.
ചെന്നൈയിലെ തടാകങ്ങള്‍ നിറഞ്ഞുകവിഞ്ഞു. ആറു ഡാമുകളും പൂര്‍ണ സംഭരണശേഷിയോട്‌ അടുക്കുകയാണ്‌. സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ ദുരിതാശ്വാസവകുപ്പ്‌ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. നഗരത്തിന്റെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്‌. റോഡിലൂടെയുള്ള വെള്ളപ്പാച്ചിലില്‍ കാറുകള്‍ ഒഴുകിപ്പോകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്‌. ആളുകള്‍ പുറത്തിറങ്ങരുതെന്നും വീടുകളില്‍ സുരക്ഷിതരായി കഴിയാനും സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
അതേസമയം, തീവ്രചുഴലിക്കാറ്റായി മാറിയ മിഷോങ്‌, ഇന്നു വൈകിട്ടോടെ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയില്‍ കരതൊടുമെന്നാണു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. നിലവില്‍ ചെന്നൈ തീരത്തുനിന്ന്‌ 90 കിലോമീറ്റര്‍ അകലെയാണ്‌ മിഷോങ്‌ സ്‌ഥിതിചെയ്യുന്നത്‌. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലായിരിക്കും മിഷോങ്‌ കരയില്‍ പ്രവേശിക്കുക.
വടക്കന്‍ തമിഴ്‌നാട്‌ തീരമേഖലയിലും കനത്ത കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ട്‌. ചെന്നൈ, ചെങ്കല്‍പേട്ട്‌, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ മഴ തുടരും. ചെന്നൈയിലുള്‍പ്പെടെ തമിഴ്‌നാട്‌ തീരപ്രദേശത്ത്‌ മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്‌ ആഞ്ഞടിച്ചേക്കുമെന്നു കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി.

Leave a Reply