അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ അന്വേഷണവും വിചാരണയും അതിവേഗം

അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ അന്വേഷണവും വിചാരണയും അതിവേഗം

കൃത്യം നടന്ന് 35-ാം ദിവസം കുറ്റപത്രം, രണ്ടുമാസത്തിന് ശേഷം വിചാരണ, ഒടുവില്‍ 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വിധിപ്രസ്താവവും. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ എല്ലാനടപടിക്രമങ്ങളും നടന്നത് അതിവേഗത്തിലാണ്. നവംബര്‍ നാലിന് എറണാകുളം പോക്‌സോ കോടതിയില്‍ കേസിന്റെ വിധി പറയാനിരിക്കെ നാടാകെ പറയുന്നത് ഒരൊറ്റകാര്യം മാത്രം, ആ കുഞ്ഞിന് നീതി കിട്ടണം.
2023 ജൂലായ് 28-നാണ് ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബിഹാര്‍ സ്വദേശിയായ അസ്ഫാക് ആല(29)മാണ് കേസിലെ പ്രതി.
കുഞ്ഞിനെ വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഇയാള്‍, ബലാത്സംഗം ചെയ്തശേഷം അതിദാരുണമായി കൊലപ്പെടുത്തിയെന്നും മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപം ഉപേക്ഷിച്ചെന്നുമാണ് കേസ്.കേസില്‍ 16 വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഉള്‍പ്പെടെയാണിത്. കൊലക്കുറ്റവും പോക്‌സോ നിയമത്തിലെ വകുപ്പുകളും സഹിതം വധശിക്ഷ ലഭിക്കാവുന്ന നാലു കുറ്റങ്ങള്‍ പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്. കേസില്‍ 99 സാക്ഷികളാണുള്ളത്.
റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. പി. പ്രസാദ്, ഇന്‍സ്പെക്ടര്‍ എം.എം. മഞ്ജുദാസ് എന്നിവരടങ്ങുന്ന ഇരുപതംഗ സംഘമാണ് കേസന്വേഷിച്ചത്. അഡ്വ. ജി. മോഹന്‍രാജാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. പെണ്‍കുട്ടിയുടെയും പ്രതിയുടെയും ചെരിപ്പ്, വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 75 തൊണ്ടിവസ്തുക്കള്‍ തെളിവുകളായി സമര്‍പ്പിച്ചു. ശക്തമായ സാഹചര്യ തെളിവുകളുടെയും സൈബര്‍-ഫൊറന്‍സിക് തെളിവുകളുടെയും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെയും നൂറ് രേഖകളും 645 പേജുള്ള കുറ്റപത്രത്തിനൊപ്പം കോടതിയില്‍ നല്‍കി.

Leave a Reply