ഗവര്‍ണര്‍ സര്‍വകലാശാലകള്‍ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ രാജ്ഭവന്റെ പ്രധാന കവാടത്തിലെത്തി. അതേസമയം പഠിപ്പ് മുടക്ക് സമരം തുടരുകയാണ്.
സര്‍വ്വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരത്തും കോഴിക്കോടും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. രാജ്ഭവന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മറികടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ബാരിക്കേഡുകള്‍ക്ക് മുകളില്‍ ഇരുന്ന പ്രതിഷേധ പ്രവര്‍ത്തകര്‍ ഇവ മറികടന്ന് രാജ്ഭവന്റെ പ്രധാന കവാടത്തിലെത്തി. കൂടുതല്‍ പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. ഇതിനിടെ നെയ്യാറ്റിൻകരയിലെ പരിപാടി കഴിഞ്ഞ് ഗവര്‍ണര്‍ രാജ്ഭവനിലെത്തി. പ്രതിഷേധങ്ങള്‍ക്കിടയില്‍ കനത്ത സുരക്ഷയിലാണ് ഗവര്‍ണര്‍ രാജ്ഭവനിലേക്ക് പ്രവേശിച്ചത്.
കോഴിക്കോട് ആദായനികുതി ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.