ഇടുക്കി: ഉപ്പുതറയിൽ വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. കുട്ടിയുടെ പക്കൽ നിന്നും പുകയില ഉൽപ്പന്നം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകർ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യക്ക് കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ ഒരു സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്.
വിദ്യാർഥികളിൽ ചിലർ പുകയില ഉൽപ്പന്നങ്ങൾ സ്കൂളിൽ കൊണ്ടുവരുന്നതായി അധ്യാപകർക്ക് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചാം തീയതി ഈ കുട്ടി പുകയില ഉൽപ്പന്നം കൊണ്ടു വന്നതായറിഞ്ഞു. അച്ചടക്ക സമിതിയുടെ ചുമതലയുള്ള അധ്യാപകൻ നടത്തിയ പരിശോധനയിൽ ഇത് കണ്ടെടുക്കുകയും ചെയ്തു. സഹപാഠികളിലൊരാൾ ഏൽപ്പിച്ചതാണെന്നാണ് കുട്ടി പറഞ്ഞത്. ഇതനുസരിച്ച് രണ്ടു പേരുടെയും രക്ഷകർത്താക്കളെ വിളിച്ചു വരുത്തി. കാര്യങ്ങൾ അറിയിച്ച ശേഷം വിട്ടയച്ചു.
വൈകുന്നേരമാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ അവശനായി കുട്ടിയെ വീട്ടിൽ കണ്ടെത്തിയത്. കോട്ടയത്തെ സ്വകാര്യ അശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച യാണ് മരിച്ചത്.
അതേസമയം കുട്ടിയുടെ പക്കൽ നിന്ന് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയെന്നും വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് ഒപ്പം പറഞ്ഞ് വിടുകയായിരുന്നുവെന്നുമാണ് സ്കൂളധികൃതരുടെ വിശദീകരണം. രണ്ടു പേർക്കെതിരെയും അച്ചടക്ക നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും സ്കൂൾ വ്യക്തമാക്കി. ആശുപത്രിയിൽ ചികിൽസയിലിരിക്കെ കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിനെക്കൊണ്ട് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇത് ലഭിക്കാൻ അപേക്ഷ നൽകും. മൊഴിപ്പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉപ്പുതറ പൊലീസ് പറഞ്ഞു.