രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച, സിപിഎമ്മിൻ്റെ സീറ്റ് കേരള കോൺഗ്രസിന്, ജോസ് കെ മാണി സ്ഥാനാര്‍ത്ഥി

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച, സിപിഎമ്മിൻ്റെ സീറ്റ് കേരള കോൺഗ്രസിന്, ജോസ് കെ മാണി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച ചെയ്ത് സിപിഎം. സിപിഎമ്മിൻ്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിക്കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തത്. ഒഴിവുള്ള മൂന്ന് സീറ്റിൽ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതിൽ ഒന്നിലാണ് കേരള കോൺഗ്രസ് എം മത്സരിക്കുക. അവശേഷിക്കുന്ന സീറ്റിൽ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. ജോസ് കെ മാണിയാണ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. രാജ്യസഭാ സീറ്റിൽ അവകാശ വാദം ഉന്നയിച്ച ആര്‍ജെ‍ഡി കടുത്ത വിമ‍ര്‍ശനമാണ് ഉന്നയിച്ചത്.

എൽഡിഎഫ് യോഗത്തിൽ രാജ്യസഭാ സീറ്റായിരുന്നു പ്രധാന അജണ്ട. സഖ്യ കക്ഷികൾ അവകാശ വാദം ഉന്നയിച്ചപ്പോൾ തര്‍ക്കത്തിന് നിൽക്കുന്നില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കുന്നതായി വ്യക്തമാക്കി. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ എടുക്കുന്ന തീരുമാനമെന്ന് ഇപി ജയരാജൻ വിശദീകരിച്ചു. രാജ്യസഭാ സീറ്റായിരുന്നു എൽഡിഎഫ് യോഗത്തിൻ്റെ മുഖ്യ അജണ്ട. ഘടകക്ഷികൾ നല്ലപോലെ സഹകരിച്ച് മുന്നോട്ട് പോവുകയാണെന്ന് ഇപി പറഞ്ഞു. സിപിഎം അതിന്റെ ഉയർന്ന നിലവാരം കാണിക്കുന്നുവെന്നും മുന്നണിയെ മുന്നോട്ട് നയിക്കാൻ പോകുന്ന രാഷ്ട്രീയ നിലപാട് ആണ് എടുത്തതെന്നും ഇപി ജയരാജൻ വിശദീകരിച്ചു. 

യുഡിഎഫിൽ നിന്ന് മുസ്ലിം ലീഗ് നേതാവ് അഡ്വ ഹാരിസ് ബീരാനാണ് മത്സരിക്കുന്നത്. മുസ്ലിം ലീഗിൽ ഒരു വിഭാഗത്തിനും യൂത്ത് ലീഗിനും തീരുമാനത്തിൽ പ്രതിഷേധമുണ്ടെങ്കിലും പാണക്കാട് സാദിഖലി തങ്ങൾ മുന്നോട്ട് വച്ച നിർദ്ദേശം നേതാക്കൾ അംഗീകരിക്കാനാണ് സാധ്യത. നേരത്തെ യൂത്ത് ലീഗ് നേതാക്കൾ ഒരാൾക്കോ പിഎംഎ സലാമിനോ സീറ്റ് നൽകിയേക്കും എന്നായിരുന്നു പാർട്ടിയിലെ ചർച്ച. ചില പ്രവാസി വ്യവസായികളുടെ കൂടി സമ്മർദ്ദം മാനിച്ചാണ് ഹാരിസ് ബീരാന് സീറ്റ് നൽകുന്നുതെന്നാണ് സൂചന.

Leave a Reply