ദുബൈ: സവാള കയറ്റുമതിയുടെ മറവില്‍ ലഹരിവസ്തു കടത്താനുള്ള ശ്രമം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ 26.45 കിലോ ലഹരിവസ്തു പിടികൂടി.
രണ്ട് കാർഗോകളിലായാണ് കഞ്ചാവ് കടത്തിയത്.
ആദ്യ കാർഗോയില്‍നിന്ന് 14.85 കി.ഗ്രാമും രണ്ടാമത്തെ കാർഗോയില്‍നിന്ന് 11.6 കി.ഗ്രാം ലഹരിവസ്തുവാണ് ഒളിപ്പിച്ചിരുന്നത്. ആഫ്രിക്കൻ രാജ്യത്തുനിന്നാണ് കാർഗോ എത്തിയത്. ആദ്യ കാർഗോയില്‍ സംശയമുയർന്നിരുന്നതായി ദുബൈ കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പെട്ടിക്ക് മുകളില്‍ ചുവന്ന ഉള്ളി എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് എക്സ്റേ മെഷീൻ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 14.85 കി.ഗ്രാം ലഹരിവസ്തു കണ്ടെത്തുകയായിരുന്നു.
മണിക്കൂറുകള്‍ക്കു ശേഷം അതേ രാജ്യത്തുനിന്ന് ഇതേ ലേബല്‍ പതിച്ച മറ്റൊരു കാർഗോ എത്തി. പക്ഷേ, കയറ്റുമതി കമ്ബനിയുടെ പേര് വ്യത്യാസമുണ്ടായിരുന്നു.
സംശയം തോന്നിയ ഉദ്യോഗസ്ഥർ എക്സ്റേ മെഷീൻ ഉപയോഗിച്ച സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ 11.6 കി.ഗ്രാം ലഹരിവസ്തു കണ്ടെത്തിയത്. ദുബൈ പൊലീസുമായി സഹകരിച്ചാണ് പരിശോധന നടത്തിയതെന്ന് ദുബൈ കസ്റ്റംസ് അറിയിച്ചു.