മകളെ വിവാഹം കഴിച്ച് കൊടുത്തത് കൈവെട്ട് കേസിലെ പ്രതിയാണെന്നറിയാതെ: സവാദിന്‍റെ ഭാര്യാ പിതാവ്

മകളെ വിവാഹം കഴിച്ച് കൊടുത്തത് കൈവെട്ട് കേസിലെ പ്രതിയാണെന്നറിയാതെ: സവാദിന്‍റെ ഭാര്യാ പിതാവ്

കാസര്‍കോട്: കൈവെട്ട് കേസിലെ പ്രതിയാണെന്ന് അറിയാതെയാണ് സവാദിന് മകളെ വിവാഹം കഴിച്ച് കൊടുത്തതെന്ന് സവാദിന്‍റെ ഭാര്യാ പിതാവ്. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2016ലാണ് വിവാഹം നടന്നതെന്നും ഷാജഹാനെന്നാണ് പേരെന്നായിരുന്നു അന്ന് തങ്ങളോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കാസര്‍കോട് മഞ്ചേശ്വരം സ്വദേശിനിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ച ശേഷം കണ്ണൂരില്‍ താമസത്തിനെത്തി. ശേഷം ഇരിട്ടി വിളകോട്ടും, വളപട്ടണത്തും മട്ടന്നൂര്‍ ബേരത്തും മാറി മാറി വാടകയ്ക്ക് താമസിച്ചു. ഭാര്യയുടെ രേഖകള്‍ നല്‍കിയാണ് വീട് വാടകയ്‌ക്കെടുത്തത്.

സവാദിന്‍റെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ ആശവര്‍ക്കര്‍മാര്‍ക്കടക്കം പൂര്‍ണവിവരങ്ങള്‍ ഇയാള്‍ കൊടുത്തിരുന്നില്ല. ഇളയ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് ഷാജഹാന്‍ തന്നെയാണ് സവാദെന്ന് എന്‍ഐഎ ഉറപ്പാക്കുന്നതെന്നാണ് സൂചന.

ഇത്രയും വര്‍ഷം ഒളിവില്‍ കഴിയുന്നതിനായി സവാദിന് സംരക്ഷണം കൊടുത്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ഐഎ. കണ്ണൂരില്‍ നിന്നുമാണ് സവാദ് മരപ്പണി പഠിച്ചതെന്നും പണി ലഭിക്കുന്നതിനും വീട് വാടകയ്ക്ക് എടുക്കുന്നതിനും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവര്‍ സഹായിച്ചതായും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ചോദ്യപ്പേറില്‍ മതനിന്ദയുണ്ടെന്ന വിവാദത്തിന് പിന്നാലെ 2010 ജൂലൈ 4 ന് തൊടുപുഴ ന്യുമാന്‍സ് കോളേജിലെ മലയാളം അധ്യാപകനായ പ്രൊഫസര്‍ ടി.ജെ ജോസഫിന്‍റെ കൈവെട്ടിമാറ്റിയത്. ശേഷം കൈവെട്ടാന്‍ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവില്‍ പോകുകയിരുന്നു.

2011 ലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. പലതവണയായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ എന്‍ഐഎയ്ക്ക് സാധിച്ചിരുന്നില്ല.

Leave a Reply